പള്ളിവാസൽ എക്സ്റ്റൻഷൻ, തൊട്ടിയാർ: പൂർത്തിയാക്കാൻ 17 വർഷം; വൈദ്യുതി ബോർഡിന് നഷ്ടം കോടികൾ
text_fieldsചെറുതോണി: അധികൃതരുടെ അനാസ്ഥമൂലം ഇഴഞ്ഞുനീങ്ങിയ 60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമും 40 മെഗാവാട്ടിന്റെ തൊട്ടിയാർ ചെറുകിട ജലവൈദ്യുതി പദ്ധതിയും ഒടുവിൽ ഒക്ടോബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിനുള്ള അവസാനവട്ട ജോലികൾ നടന്നുവരുന്നു. രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിൽ ചെറുകിട ജലവൈദ്യുതി പദ്ധതികൾ ഒരളവു വരെ പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു.
60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം നിർമാണം തുടങ്ങിയത് 2007 മാർച്ച് ഒന്നിനായിരുന്നു. 2011 മാർച്ച് ഒന്നിന് നിർമാണം പൂർത്തീകരിച്ച് കമീഷൻ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ 13 വർഷവും ഏഴുമാസവും കാലതാമസമാണ് ഉണ്ടായിരിക്കുന്നത്. കെ.എസ്.ഇ.ബിക്കാർ കുറ്റം കരാറുകാരുടെമേൽ ചാരുമ്പോൾ, നാട്ടുകാർ ഇതിന്റെ പഴി കെ.എസ്.ഇ.ബിയുടെ മേലാണ് ആരോപിക്കുന്നത്.
40 മെഗാ വാട്ടിന്റെ തൊട്ടിയാർ പദ്ധതി 15 വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്. നിർമാണ ഘട്ടത്തിൽ പല തടസ്സങ്ങളും നേരിടേണ്ടി വന്ന പദ്ധതിയാണിത്. പെരിയാറിന് കുറുകെ പാലം നിർമാണവും വെല്ലുവിളിയായിരുന്നു. മുൻ വൈദ്യുതി മന്ത്രി എം.എം. മണി മുൻകൈയെടുത്താണ് പദ്ധതിയുടെ നിർമാണം വേഗത്തിലാക്കിയത്.
11 വർഷത്തെ താമസം വന്നതുമൂലം കെ.എസ്.ഇ.ബിക്ക് അനേകകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പള്ളിവാസലിലും തൊട്ടിയാറിലുമായി ഒക്ടോബർ പകുതിയോടെ കേരളത്തിന്റെ ഗ്രിൽഡിലേക്ക് 100 മെഗാവാട്ടുകൂടി കൂട്ടിച്ചേർക്കപ്പെടും. 2007ൽ എ.കെ. ബാലൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് പള്ളിവാസൽ പദ്ധതി നിർമാണം തുടങ്ങിയത്. എസാർ പ്രോജക്ട്, കോസ്റ്റൽ പ്രോജക്ട്സ്, ഡി.ഇ.സി എന്നീ മൂന്ന് കമ്പനികൾ ചേർന്നുള്ള കൺസോർട്യമായിരുന്നു കരാർ എടുത്തത്.
കനത്ത മഴ തുടങ്ങിയ കാരണങ്ങളാൽ നിർമാണം വൈകി. 2014ൽ പണി നിർത്തിവെക്കുമ്പോൾ 75 ശതമാനം തീർന്നിരുന്നു. പിന്നീട് കെ.എസ്.ഇ.ബി വൃത്തങ്ങളിൽ ഇത് ഒരു ‘അബാൻഡന്റ് പ്രോജക്ട്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2017ൽ മുൻ പ്രോജക്ട് മാനേജർ ജേക്കബ് ജോസ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു. അതിൽ അനുകൂല വിധി വന്നതിനെ തുടർന്നാണ് പദ്ധതിക്ക് ജീവൻവെച്ചത്. ബാക്കി ഉണ്ടായിരുന്ന ടണൽ ജോലികൾ ഭൂമി- സില്യൺ ജോയന്റ് വെഞ്ചർ കമ്പനിക്ക് നൽകി. ഈ പദ്ധതി ഒരുദിവസം 1.44 മില്യൻ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
യൂനിറ്റ് ഒന്നിന് അഞ്ച് രൂപ വെച്ച് കണക്കാക്കിയാൽപോലും പ്രതിദിനം 70 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. മാത്രമല്ല പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം പൂർത്തിയായതിനു ശേഷം മാത്രമേ 37.5 മെഗാ വാട്ടിന്റെ പഴയ പവർഹൗസിലേക്ക് പുതിയ പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാൻ കഴിയൂ. കുറേ വർഷങ്ങളായി പഴയ പവർഹൗസിൽ ഉൽപാദനം 20.6 മെഗാവാട്ട് മാത്രമേ ലഭിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കെ.എസ്.ഇ.ബിക്ക് വലിയൊരു ആശ്വാസമാണ്.
40 മെഗാവാട്ടിന്റെ തൊട്ടിയാർ പദ്ധതി 2009ലാണ് നിർമാണം തുടങ്ങിയത്. കോസ്റ്റൽ പ്രോജക്ട്സും ചൈനീസ് കമ്പനിയായ ചോങ്ക്വിങ്ങും ചേർന്നുള്ള കൺസോർട്യമായിരുന്നു പ്രധാന കരാറുകാർ. ഇവിടെയും വലിയ കാലതാമസം ഉണ്ടായി. പത്ത് മെഗാവാട്ടിന്റെ ഒരു ടർബൈനും 30 മെഗാവാട്ടിന്റെ മറ്റൊരു ടർബൈനുമാണ് തൊട്ടിയാർ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പവർഹൗസ് നീണ്ടപാറയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈകോടതി ഇടപെടലിനെ തുടർന്നാണ് ഈ പദ്ധതിക്കും ജീവൻവെച്ചത്. രണ്ടാംവട്ടം കരാർ നൽകിയത് ശ്രീശരവണ കമ്പനിക്കായിരുന്നു. ഇപ്പോൾ ഉദ്ഘാടനം ചെയ്യുമ്പോൾ പ്രതിദിനം ഒരു മില്യൺ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.