ദേശീയ കഥകളി മഹോത്സവം; പ്രായം മറന്ന് അവർ അരങ്ങിൽ
text_fieldsചെറുതുരുത്തി: ദേശീയ കഥകളി മഹോത്സവത്തിൽ അരങ്ങേറ്റം നടത്തിയത് 130 പേർ. അമ്മമാർ ഉൾപ്പെടെ ഏഴു മുതൽ 60 വയസ്സ് വരെയുള്ളവർ ഇതിലുണ്ടായിരുന്നു. നിള കാമ്പസിൽ നടന്ന അരങ്ങേറ്റത്തിൽ പങ്കെടുത്തവരെ സദസ്സ് ഒന്നടങ്കം കൈയടിച്ച് അഭിനന്ദിച്ചു.
സൗജന്യമായി വിദ്യാർഥികളെ പഠിപ്പിച്ച് അരങ്ങേറ്റം നടത്തിയ ചെറുതുരുത്തി കഥകളി സ്കൂളും മാതൃകയായി. വയോധികരും അരങ്ങേറ്റം നടത്തിയത് വേറിട്ട കാഴ്ചയായി.
രണ്ടു വർഷംമുമ്പ് കലാമണ്ഡലം നിമിഷ, പ്രിയ എന്നിവരുടെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചത്. പ്രശസ്ത നർത്തകി കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സുജാത എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് ചിലങ്ക നൽകി.
ഇവരിൽനിന്ന് ആശീർവാദം വാങ്ങിയ ശേഷമാണ് ഇവർ അരങ്ങിലെത്തിയത്. പ്രായം മറന്ന് മതിമറന്നാടിയപ്പോൾ സദസ്സ് കരഘോഷം മുഴക്കി. കലാമണ്ഡലം നിള കാമ്പസിൽ ഇതാദ്യമായാണ് ഇത്രയും വിദ്യാർഥികളും അമ്മമാരും അരങ്ങേറ്റം കുറിക്കുന്നത്.
ഇതുകൂടാതെ, ആൺകുട്ടികൾ കഥകളിയിലും ചെണ്ടമേളത്തിലും അരങ്ങേറ്റംകുറിച്ചു. ഇവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ, ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.