കോവിഡ് കാലത്ത് മടങ്ങിയ ഇറ്റലിയിലെ കഥകളി കലാകാരന്മാർ വീണ്ടും ചെറുതുരുത്തിയിൽ
text_fieldsചെറുതുരുത്തി: കോവിഡ് രൂക്ഷമായതിനെ തുടർന്ന് തിരിച്ചുപോയ ഇറ്റലിയിലെ കഥകളി കലാകാരന്മാർ മൂന്ന് വർഷത്തിനുശേഷം വീണ്ടും കഥകളി പഠിക്കാൻ ചെറുതുരുത്തിയിൽ എത്തി. 2020 മാർച്ച് ഒമ്പതിനാണ് 20 അംഗ വിദേശിസംഘം ചെറുതുരുത്തിയിലെ കലാതരംഗിണിയിൽ എത്തിയത്. കഥകളിയും നൃത്തങ്ങളും ഇവർക്ക് മുന്നിൽ അവതരിപ്പിച്ചത് കലാതരംഗിണി ഡയറക്ടർ കലാമണ്ഡലം ജോണും സംഘവുമായിരുന്നു. കുറച്ച് ദിവസത്തിന് ശേഷമാണ് ഇവർക്ക് കോവിഡ് ലക്ഷണമുള്ളതായി അറിയുന്നത്.
അതോടെ ആരോഗ്യവകുപ്പ് വന്ന് ജോണിെനയും അവിടെ ഉണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കി സ്ഥാപനം പൂട്ടിച്ചു. പിന്നീട് ഇവിടെ വന്നവർക്ക് കോവിഡ് ഇല്ല എന്ന് തെളിഞ്ഞു. ഈ സമയത്ത് ഇറ്റലിക്കാരായ കഥകളി കലാകാരന്മാരായ മാരിയോ ബൊസാഗി, അലെസാൻഡ്രോ റിഗൊലെറ്റി എന്നിവർ ജോണിന്റെ കീഴിലായിരുന്നു കഥകളി പഠിച്ചിരുന്നത്.
ഇവരെ ഒറ്റപ്പെടുത്തുകയും പല പരിപാടികളും നാട്ടിൽ നടത്താൻ പറ്റാത്ത അവസ്ഥയുമുണ്ടായി. പിന്നീടവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മൂന്ന് വർഷത്തിന് ശേഷം വീണ്ടും കലാമണ്ഡലം ജോണിന്റെ കീഴിൽ കഥകളി പഠിക്കാൻ ഇവർ എത്തിയിരിക്കുകയാണ്. അലെസാൻഡ്രോ റിഗൊലെറ്റിയുടെ ഒപ്പം റൂബൻ, സിമോണൻ എന്നിവരും വന്നിട്ടുണ്ട്. വിസ ലഭിക്കാത്തതിനെ തുടർന്നാണ് മാരിയോ ബൊസാഗി വരാത്തതൊന്നും അടുത്തുതന്നെ തങ്ങളോടൊപ്പം കഥകളി പഠിക്കാൻ എത്തുമെന്നും ഇവർ പറഞ്ഞു. മൂന്ന് വർഷത്തിന് ശേഷമാണ് കലാതരംഗിണി വിഷുദിനത്തിൽ ഇവർക്ക് കഥകളി ക്ലാസുകൾ നൽകി വീണ്ടും തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.