കലാമണ്ഡലത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന്
text_fieldsചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാല ഭരണസമിതി ഹൈകോടതി വിധി മറികടന്ന് പിൻവാതിൽ വഴി നിയമിച്ച ആറു താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്.
ഇതുസംബന്ധിച്ച് ചേലക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആറ്റൂർ പാലക്കാട്ടുതൊടിയിൽ പി.പി. പ്രസാദ് സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. ഹൈകോടതി വിധിയുടെ പകർപ്പടക്കം ഹാജരാക്കി.
കലാമണ്ഡലത്തിലെ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥിരപ്പെടുത്തുന്നെന്ന പരാതിയുമായി പ്രസാദ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് 2020 ആഗസ്റ്റ് 19ന് സ്ഥിരപ്പെടുത്തൽ കോടതി തടഞ്ഞു. ഈ മാസം അഞ്ചിന് ഈ ഉത്തരവിൽ കോടതി ഭേദഗതി വരുത്തി. തുടർന്ന് പ്രസാദ് ഡിവിഷൻ ബെഞ്ചിൽ റിട്ട് അപ്പീൽ സമർപ്പിച്ചു. ഇതിലെ വിധി പ്രകാരം കലാമണ്ഡലം കൽപിത സർവകലാശാല ആകുന്നതിനുമുമ്പ് താൽക്കാലികമായി നിയമിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്താൻ പാടുള്ളൂവെന്ന വിധി വന്നു. ഇത് അംഗീകരിച്ച് കലാമണ്ഡലം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. എന്നാൽ, അത് ലംഘിച്ച് ഇപ്പോൾ നിയമനം നടത്തുന്നുവെന്നും കോടതിവിധിക്കു പുറത്തുള്ള ആറുപേരെ സ്ഥിരപ്പെടുത്തുന്നത് തടയണമെന്നും പ്രസാദ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.