കുഞ്ഞുമുഹമ്മദ് കാത്തിരിക്കുന്നു,ലൈഫ് പദ്ധതിയിൽ വീടിനായി
text_fieldsചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ആറ്റുപുറം എസ്റ്റേറ്റ് പടിയിൽ താമസിക്കുന്ന വയ്യാട്ടുകാവിൽ വീട്ടിൽ കുഞ്ഞുമുഹമ്മദും കുടുംബവും ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാതെ നെട്ടോട്ടത്തിൽ. കുഞ്ഞുമുഹമ്മദ്, ഭാര്യ, പ്ലസ് വണ്ണിന് പഠിക്കുന്ന മകൾ, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൻ എന്നിവരടങ്ങുന്ന കുടുംബം അഞ്ച്സെന്റ് ഭൂമിയിൽ താൽക്കാലമായി ടാർപ്പായ കൊണ്ട് കെട്ടി ഉണ്ടാക്കിയ കൂരയിലാണ് താമസം.
വീടിന് സമീപത്ത് റോഡരികിൽ പെട്ടിക്കട നടത്തിയാണ് 53 വയസ്സുള്ള കുഞ്ഞുമുഹമ്മദ് കുടുംബം പുലർത്തുന്നത്. 2019ലാണ് ലൈഫ് പദ്ധതിയിൽ വീടുവെക്കാനായി ദേശമംഗലം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയത്.
ഒപ്പം കൊടുത്ത എല്ലാവർക്കും വീട് ലഭിച്ചു. തുടർന്ന് 2020ൽ അന്നത്തെ കലക്ടർക്ക് നിവേദനം കൊടുക്കുകയും കലക്ടർ അടിയന്തരമായി വീട് നിർമിച്ചുകൊടുക്കാൻ പഞ്ചായത്തിലേക്ക് അപേക്ഷ നൽകുകയും ചെയ്തു. പഞ്ചായത്ത് അധികൃതർ സ്ഥലം വന്ന് പരിശോധിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ രണ്ടാം നമ്പറാണ് നിങ്ങളുടെ സ്ഥാനം എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. മൂന്നുവർഷം കഴിഞ്ഞിട്ടും ഒന്നും ശരിയാവാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രിയും അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് പറഞ്ഞു പഞ്ചായത്തിന് അപേക്ഷ കൈമാറി.
നിലവിൽ ലൈഫ് പദ്ധതിയിൽ 283ാം സ്ഥാനത്താണിവരെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. നേരത്തെ കലക്ടർ പറഞ്ഞ രണ്ടാം നമ്പർ എങ്ങനെയാണ് 283 ആയത് എന്നാണ് ഇവർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ പാമ്പിനെ കാണുകയും ചെയ്തതോടെ ഭീതിയിലാണ് ഇവർ കഴിയുന്നത്. തങ്ങൾക്ക് വീട് ലഭിക്കാൻ ഇനി ആരുടെ വാതിൽ മുട്ടണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.