കള്ളനെ ബാത്ത് റൂമിൽ പൂട്ടിയിട്ട് വയോധികയും മകളും; അഭിനന്ദിച്ച് ജനം
text_fields
ചെറുതുരുത്തി: വയോധികയും മകളും താമസിക്കുന്ന വീട്ടിൽ മോഷണശ്രമത്തിനിടെ ബിഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. വരവൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന ചങ്കരത്ത് പരേതനായ സി.പി. ശങ്കരൻ കുട്ടിയുടെ ഭാര്യ ദേവകി (66), അമ്മ കുഞ്ഞിക്കുട്ടിയമ്മ (100) എന്നിവർ താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച രാത്രി മോഷ്ടിക്കാൻ കയറുന്നതിനിടെയാണ് ബിഹാർ സ്വദേശി രാജേഷ് പസ്വാനെ (28) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ദേവകിയും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ താമസം. മക്കൾ ജോലി സ്ഥലത്താണ്. വീട്ടിലെ ബാത്ത് റൂമിൽനിന്ന് ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് ഉള്ളിൽ ആരോ ഉള്ളതായി സംശയം തോന്നി.
ഉടൻ ഇവർ ബാത്ത് റൂം പൂട്ടുകയും തുടർന്ന്, വീട് പുറത്തുനിന്ന് പൂട്ടി നാട്ടുകാരനായ ഒട്ടോ ഡ്രൈവറെ ഫോണിൽ വിളിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് പ്രദേശത്തുള്ളവർ എത്തി വാതിൽ തുറന്ന് മോഷ്ടാവിനെ പിടികൂടിയത്.
ഉടനെ ചെറുതുരുത്തി പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി യുവാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വരവൂർ പ്രദേശത്ത് നിർമാണ തൊഴിലാളിയായ സഹോദരെൻറ അടുത്ത് വന്നതാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. രണ്ടുമാസം മുമ്പാണ് രാജേഷ് കേരളത്തിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. സി.ഐ എം. അൽത്താഫ് അലി, എസ്.ഐ ആൻറണി തോംസൺ എന്നിവർ ചേർന്ന് യുവാവിനെ കോടതിയിൽ ഹാജരാക്കി.
ആത്മധൈര്യത്തിൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അമ്മയും മകളും
ചെറുതുരുത്തി: ആത്മധൈര്യത്തിൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വയോധികരായ അമ്മയും മകളും. വരവൂർ ഗ്രാമപഞ്ചായത്തിന് സമീപം താമസിക്കുന്ന പരേതനായ ചക്കാരത്ത് വീട്ടിൽ സി.പി. ശങ്കരൻ കുട്ടിയുടെ ഭാര്യയും റിട്ട. അഗൻവാടി ടീച്ചറുമായ ദേവകിയും അമ്മ കുഞ്ഞിക്കുട്ടി അമ്മയുമാണ് ബുധനാഴ്ച രാത്രി വീട്ടിൽ മോഷ്ടിക്കാൻ കയറിയയാളെ ശുചിമുറിയിൽ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രശംസ നേടിയത്. വൈകീട്ട് എട്ടോടെയാണ് ശുചിമുറിയിൽനിന്ന് കാൽപെരുമാറ്റം കേട്ടത്. ഉടൻ ദേവകി വാതിൽ പൂട്ടി.
അമ്മയെ വീടിന് പുറത്തിരുത്തിയ ശേഷം കള്ളനാണോ എന്ന് ഉറപ്പുവരുത്താൻ ബാത്ത്റൂം വാതിൽ തള്ളിയപ്പോൾ ശക്തിയായി തിരിച്ചുതള്ളാൻ തുടങ്ങി. തുടർന്ന് പിൻവാതിലും മുൻവശത്തെ വാതിലും പൂട്ടിയ ശേഷം ബഹളം ഉണ്ടാക്കാതെ പരിചയമുള്ള ഓട്ടോക്കാരനെ ഫോണിൽ വിളിച്ച് ആളുകളുമായി വരാൻ നിർദേശിക്കുകയായിരുന്നു. ഓട്ടോക്കാരൻ ആളുകളുമായി വീട്ടിൽ എത്തുന്നതു വരെ ഇരുവരും വീടിന് പുറത്ത് കാത്തിരുന്നു. പിടികൂടാനെത്തിയവരോട് മോഷ്ടാവ് എതിരിടാൻ ശ്രമിച്ചെങ്കിലും കൂടുതൽ പേരെ കണ്ടതോടെ ശാന്തനാവുകയായിരുന്നു. തുടർന്ന് ചെറുതുരുത്തി പൊലീസെത്തി കൊണ്ടുപോയി. വിവരം അറിഞ്ഞ് നിരവധി പേരാണ് ടീച്ചറെയും അമ്മയെയും അഭിനന്ദിക്കാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.