ഭാരതപ്പുഴ കുറുകെ കടക്കുന്നതിനിടെ ഒഴുക്കിൽപെട്ട് മദ്റസ അധ്യാപകൻ മരിച്ചു
text_fieldsചെറുതുരുത്തി: ഭാരതപ്പുഴ കുറുകെ കടക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മദ്റസ അധ്യാപകൻ മരിച്ചു. പുലാമന്തോൾ വടക്കൻ പാലൂർ മേലേ പീടികയിൽ പരേതനായ സൈതാലിയുടെ മകൻ ഹംസ സഅദി (54) ആണ് മരിച്ചത്. ദേശമംഗലം ഈസ്റ്റ് പല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് സെക്കൻഡറി മദ്റസ അധ്യാപകനും ജുമാമസ്ജിദ് അസി. ഖത്തീബും ആയി നാല് വർഷത്തോളമായി ജോലി ചെയ്ത് വരുകയായിരുന്നു.
ചൊവ്വാഴ്ച കാരക്കാട് മദാർ അറബിക് കോളജിൽ പഠിക്കുന്ന മകനെ കണ്ട് വൈകീട്ട് നാലോടെ തിരികെ ദേശമംഗലത്തേക്ക് പുഴ കടന്ന് വരുമ്പോഴായിരുന്നു അപകടം.
എകദേശം മധ്യഭാഗത്തെത്തിയപ്പോൾ ഹംസ സഅദി പുഴ കടക്കുന്നത് നോക്കി നിന്നിരുന്ന ആളോട് കുഴപ്പമില്ലെന്നും പോകാനും ഫോണിലൂടെ വിളിച്ച് പറഞ്ഞിരുന്നു. ശേഷമാണ് വെള്ളത്തിലൂടെ കടക്കാൻ ശ്രമിച്ചത്.
ബന്ധുക്കൾ രാത്രിയിലും ബുധനാഴ്ച രാവിലെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ മൊബൈൽ സ്വിച്ച് ഓഫായി കണ്ടതിനെ തുടർന്ന് അന്വേഷണം നടത്തി. വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് അധികൃതരെ അറിയിക്കുകയായിരുന്നു.
പുഴയിൽ നടത്തിയ തിരച്ചിലിൽ കാരക്കാട് ജുമാമസ്ജിദ് ഭാഗത്ത് നിന്ന് ബുധാനാഴ്ച ഉച്ചക്ക് 12.30ഓടെ മൃതദേഹം കണ്ടെത്തി. തുടർന്ന് പട്ടാമ്പി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി: ഭാര്യ: സാജിത. മക്കൾ: ഹസീന, ഹബീബ, നജ്മുദ്ദീൻ. മരുമക്കൾ: നൗഫൽ അഹ്സനി, താഹിർ.
ജീവനെടുത്തത് മണൽ വാരലിലെ ചതിക്കുഴി
ചെറുതുരുത്തി: ദേശമംഗലം ഈസ്റ്റ് പല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് സെക്കൻഡറി മദ്റസ അധ്യാപകനും ജുമാ മസ്ജിദ് അസിസ്റ്റന്റ് ഖത്തീബുമായ ഹംസ സഅദിെൻറ (54) ജീവൻ കവർന്നത് ഭാരതപ്പുഴയിൽ മണലെടുത്തതിനെത്തുടർന്ന് രൂപംകൊണ്ട ചതിക്കുഴി. പാലക്കാട് ജില്ലയിലെ കാരക്കാട് മദാർ അറബി കോളജിൽ പഠിക്കുന്ന മകനെ കാണാൻ സ്ഥിരമായി പോകാറുള്ളത് നടന്ന് പുഴ കുറുകെ കടന്നാണ്.
പുഴയിലൂടെ സഞ്ചരിച്ച് മറുകരയിലെത്തിയാൽ എളുപ്പം കോളജിലെത്താമെന്നതാണ് പുഴയാത്രക്ക് ഹംസ സഅദിയെ പ്രേരിപ്പിച്ചത്. എന്നാൽ മണൽ വാരൽ തീവ്രമായതോടെ പുഴയിൽ കുഴികൾ രൂപപ്പെടുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ദേശമംഗലത്ത് മദ്റസ അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. ലളിത ജീവിതത്തിന് ഉടമയായിരുന്ന ഹംസ കുട്ടികളുടെ ഹൃദയം കവർന്ന ഗുരുവുമായിരുന്നു. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതശരീരം സ്വന്തം നാട്ടിലെ ഖബർസ്ഥാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.