വയോധികന്റെ കൊലപാതകം ഞെട്ടലോടെ നാട്
text_fieldsചെറുതുരുത്തി: വയോധികന്റെ കൊലപാതകത്തിൽ ഞെട്ടലോടെ നാട്. ദേശമംഗലം പഞ്ചായത്തിലെ വാളേരിപ്പടി വീട്ടിൽ അയ്യപ്പനാണ് (76) വീട്ടിനുള്ളിൽ ചെറുമകന്റെ വെട്ടേറ്റ് മരിച്ചത്. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായ അയ്യപ്പന്റെ കൊലപാതക വാർത്തയറിഞ്ഞ് നാട് അദ്ദേഹത്തിനെ വീട്ടിലേക്കൊഴുകിയെത്തി. വർഷങ്ങൾക്കു മുമ്പ് വരവൂരിൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് വരിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് അയ്യപ്പൻ. ഭാര്യ നാരായണിക്കൊപ്പമാണ് താമസം.
ഏക മകൾ ബിന്ദുവിന് മൂന്ന് ആൺമക്കളാണുണ്ടായിരുന്നത്. 2018ൽ ദേശമംഗലത്തുവെച്ച് വെള്ളത്തിൽപ്പെട്ട് ഇവരുടെ രണ്ട് ആൺകുട്ടികൾ മരിച്ചു. ആ അപകടത്തിൽനിന്ന് രക്ഷപ്പെട്ടയാളാണ് രാഹുൽ. പക്ഷെ, ആ ദുരന്തത്തിന് ശേഷം രാഹുലിന്റെ മാനസികാവസ്ഥക്ക് തകരാർ സംഭവിച്ചു. മാനസിക രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടെങ്കിലും പെട്ടെന്നുള്ള കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
സംഭവ സമയം ബഹളം കേട്ട് ആദ്യം ഓടിയെത്തിയത് ദേശമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് സക്കീർ ഹുസൈൻ, സി.പി.എം നേതാവ് ദിലീപ് എന്നിവരാണ്. നാട്ടുകാർ ചോദിച്ചപ്പോൾ ഞാൻ മൂന്നു പ്രേതത്തെ കൊന്നു എന്നാണ് രാഹുൽ പറഞ്ഞത്. ആളുകളെ വീട്ടിലേക്ക് കടത്തിവിടാൻ ആദ്യം രാഹുൽ അനുവദിച്ചില്ല.
പൊലിസ് എത്തിയപ്പോഴാണ് ഇദ്ദേഹം ശാന്തനായത്. മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടനുശേഷം പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.