കടക്കെണി തീർക്കാൻ പണയത്തിൽ നിന്ന് എടുത്ത നാല് പവൻ മാല കാണാതായി
text_fieldsചെറുതുരുത്തി: സാമ്പത്തികബാധ്യത തീർക്കാൻ പണയം വെച്ച മാല ബാങ്കിൽനിന്ന് എടുത്ത് വിൽക്കാൻ ജ്വല്ലറിയിലെത്തിയപ്പോൾ കാണാതായതായി പരാതി. ദേശമംഗലം തലശ്ശേരി ശൗര്യംപറമ്പിൽ മുഹമ്മദിെൻറ മകൾ ഹസീനയുടെ നാല് പവനാണ് നഷ്ടപ്പെട്ടത്.
ദേശമംഗലം സർവിസ് സഹകരണ ബാങ്ക് തലശ്ശേരി ശാഖയിൽ പണയത്തിലായിരുന്നു മാല. ഹസീനയെ ചെന്നൈയിലേക്കാണ് വിവാഹം കഴിച്ചയച്ചിട്ടുള്ളത്. ഭർത്താവ് മുഹ്സിൻ വിദേശത്ത് ഡ്രൈവറായിരുന്നു. കോവിഡിെൻറ രൂക്ഷതയിൽ ജോലി നഷ്ടപ്പെട്ടു. ഒന്നര ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ടായി. ഇതിനെ തുടർന്നാണ് പണയത്തിലിരുന്ന മാല എടുക്കാൻ ഒരു മണിക്കൂർ നേരത്തേക്ക് മറ്റൊരാളിൽനിന്ന് പണം സംഘടിപ്പിച്ച് ബാങ്കിലെത്തിയത്.
പണമടച്ച് മാല എടുത്തതിന് ശേഷം വിൽപന നടത്തി പണം നൽകിയ വ്യക്തിക്ക് തിരിച്ച് നൽകാനായിരുന്നു പദ്ധതി. ബാങ്കിൽനിന്ന് മാല സ്വീകരിച്ച് ഹസീനയുടെ കൈയിലുണ്ടായിരുന്ന കവറിലാക്കി പുറത്തിറങ്ങുന്നത് സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. ജ്വല്ലറിയിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ചെന്നൈയിൽനിന്ന് കടം വീട്ടാനെത്തി കൂടുതൽ കടക്കെണിയിലായതിെൻറ സങ്കടത്തിലാണ് കുടുംബം. ചെറുതുരുത്തി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.