റംലക്കും ഷമീറക്കും ആരെയും ആശ്രയിക്കാതെ പുതിയ വീട്ടിൽ അന്തിയുറങ്ങാം
text_fieldsചെറുതുരുത്തി: സഹോദരിമാരായ റംലക്കും ഷമീറക്കും ആറാംമാസം വീടുവെച്ച് നൽകുമെന്ന സംഘാടകരുടെ വാക്ക് അവർ പാലിച്ചു. ഇന്ന് ആരെയും ആശ്രയിക്കാതെ പുതിയ വീട്ടിൽ അന്തിയുറങ്ങുമെന്ന സന്തോഷത്തിലാണ് ഈ സഹോദരിമാർ. കഴിഞ്ഞ നവംബർ 28ന് ‘ഈ വനിതകൾക്ക് വേണം അടച്ചുറപ്പുള്ള വീട്’ എന്ന ‘മാധ്യമം’ വാർത്ത ഗുണം കണ്ടു. കാറ്റ് ആഞ്ഞുവീശിയാലും മനസ്സമാധാനത്തോടെ കിടന്നുറങ്ങാനുള്ള വീട് ശരിയായതിന്റെ സന്തോഷത്തിലാണ് സഹോദരികളായ റംലയും ഷമീറയും. അഞ്ചുവർഷമായി ലൈഫ് പദ്ധതിയിലുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി സഹോദരിമാർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. എന്നാൽ, നിരാശ മാത്രമാണ് അവർക്ക് ലഭിച്ചത്. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ വാഴക്കോട് മണ്ണ് വട്ടത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മക്കളായ റംല (45), ഷമീറ (40) എന്നിവരുടെ ഇടിഞ്ഞുവീഴാറായ ഓടിട്ട വീട്ടിൽ പ്ലാസ്റ്റിക് പായകെട്ടി ആടിനെ വളർത്തിയുമാണ് ഈ രണ്ടുസഹോദരിമാർ ജീവിക്കുന്നത് എന്ന മാധ്യമം വാർത്ത നാട്ടുകാർ കാണുകയും ഇതിനെ തുടർന്ന് നാട്ടുകാരായ കെ.എം. അഹമ്മദ് (പ്രസിഡന്റ്), പി.വി. അബ്ദുൽ സലാം (സെക്രട്ടറി), സുലൈമാൻ എന്ന മുത്തുമണി (ട്രഷറർ) എന്നിവർ ചേർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു വീടുവെക്കാനുള്ള കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ആറുമാസങ്ങൾക്കുള്ളിൽ ടെറസ് വീട് യാഥാർഥ്യമാക്കുമെന്നും ചടങ്ങിൽ പ്രസിഡന്റ് പറഞ്ഞു. ആ വാക്കാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. ആറുലക്ഷം ചെലവഴിച്ച രണ്ട് റൂം, അടുക്കള, ഡൈനിങ് ഹാൾ തുടങ്ങി സൗകര്യങ്ങളുള്ള വീടാണ് നിർമിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടുകൂടി വീട്ടിൽ പാൽകാച്ചി വീട്ടിൽ ഇരിക്കാനുള്ള പദ്ധതിയാണ്. ബന്ധുക്കളെയും ഈ ചടങ്ങിലേക്ക് വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.