ഈ വനിതകൾക്ക് വേണം, അടച്ചുറപ്പുള്ള വീട്
text_fieldsചെറുതുരുത്തി: കാറ്റ് ഒന്ന് ആഞ്ഞുവീശിയാൽ നെഞ്ചിടിപ്പാണ് ഈ സ്ത്രീകൾക്ക്. അത്രയും ദയനീയമാണ് ഇവർ താമസിക്കുന്ന വീടിന്റെ അവസ്ഥ. ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥ. മഴപെയ്താൽ ചോർന്നൊലിക്കുന്ന വെള്ളം പാത്രങ്ങൾ വെച്ചാണ് നീക്കുന്നത്.
മഴ രാത്രിയാണെങ്കിൽ ടാർപായുടെ ഭാഗത്ത് കുത്തിയിരുന്ന് നേരം വെളുപ്പിക്കുകയാണ് പതിവ്. അഞ്ചു വർഷമായി ഇവർ വീടിനായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. എന്നിട്ടും നിരാശ മാത്രം ബാക്കി.
മുള്ളൂർക്കര പഞ്ചായത്തിലെ 13ാം വാർഡിൽ വാഴക്കോട് മണ്ണ് വട്ടത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മക്കളായ റംല (45), ഷമീറ (40) എന്നിവരാണ് ദുരിത ജീവിതം നയിക്കുന്നത്. ഒരിക്കൽ കലക്ടറുടെ നിർദേശത്തെതുടർന്ന് അടിയന്തരമായി വാർഡിൽ മെംബറുടെ നേതൃത്വത്തിൽ ഗ്രാമസഭ കൂടുകയും ഇവരുടെ വീടിനുവേണ്ടി നടപടി കൈക്കൊള്ളുമെന്നും തീരുമാനമായിരുന്നു. എന്നാൽ, അതും നടന്നില്ല.
ഇനി എന്ത് ചെയ്യണം എന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ സ്ത്രീകൾ. ആടിനെ വളർത്തുന്നതിലൂടെ കിട്ടുന്ന ചെറിയ വരുമാനവും നാട്ടുകാരുടെ സഹായത്താലുമാണിവർ ജീവിതം തള്ളിനീക്കുന്നത്. 50 വരെയുള്ള വീടുകളുടെ അപേക്ഷ സ്വീകരിച്ച് വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചെന്നും ഇവരുടെ നമ്പർ 150ന് അടുത്താണെന്നും അതുകൊണ്ടാണ് വീട് ലഭിക്കുന്നത് വൈകുന്നതെന്നുമാണ് മുള്ളൂർക്കര പഞ്ചായത്ത് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.