കുരുന്നുകൾക്ക് ഇനി തണുപ്പുള്ള ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കാം
text_fieldsചെറുതുരുത്തി: കുരുന്നുകൾക്ക് ഇനി ചൂടിന്റെ കാഠിന്യമറിയാതെ തണുപ്പുള്ള ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കാം. പാഞ്ഞാൾ പഞ്ചായത്തിലെ രണ്ടാം വാർഡ് പൈങ്കുളം വായനശാലയുടെയും അംഗൻവാടിയുടെയും നവീകരണ പ്രവർത്തനങ്ങൾങ്ങൾക്കായി ഒരു ലക്ഷം രൂപ എഴിക്കോട് ആര്യൻ നമ്പൂതിരിയുടെ സ്മരണാർത്ഥം മകൻ എഴിക്കോട് ഹരികുമാറും ഭാര്യ ഷീലയും പഞ്ചായത്തിന് കൈമാറി. അംഗൻവാടി കെട്ടിടത്തിന്റെ ദൈന്യാവസ്ഥയെ പറ്റി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
നാലര പതിറ്റാണ്ട് പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന് പകരം 1250 സ്ക്വയർ ഫീറ്റിൽ എയർകണ്ടീഷൻ കോൺഫറൻസ് ഹാളോടുകൂടിയാണ് കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണികൃഷ്ണൻ തുക ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത്, ഐ.സി.ഡി.എസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, പാഞ്ഞാൾ പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാകുക. വാർഡംഗം സന്ദീപ് കോന്നനാത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ഇ. ഗോവിന്ദൻ, ഇ.എം. നീലകണ്ഠൻ, സി.ഡി.എസ് അംഗം ജയശ്രീ ബാലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.