ഉമ്മൻ ചാണ്ടിയുടെ നന്മയുടെ സാക്ഷ്യം സുഹൈലിന്റെ ജീവിതം
text_fieldsചെറുതുരുത്തി: ദേശമംഗലം പഞ്ചായത്ത് പള്ളം ചുട്ടപറമ്പ് വീട്ടിലെ അന്ധദമ്പതികളായ സുഹൈലിനും സൽമക്കും നന്മയുടെ വിളക്കാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജപ്തിഭീഷണിയിലായിരുന്ന ഇവരുടെ വീടിന്റെയും പുരയിടത്തിന്റെയും സഹകരണ ബാങ്കിലെ വായ്പ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലാണ് അടച്ചതും ജപ്തി ഒഴിവായത്.
2022 സെപ്റ്റംബറിലാണ് വായ്പ പൂർണമായും അടച്ചത്. ഭാരത് ജോഡോ യാത്ര തൃശൂരിൽ എത്തുമ്പോൾ ആധാരം ഉമ്മൻ ചാണ്ടിയിൽനിന്ന് ഏറ്റുവാങ്ങണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ, ആരോഗ്യനില മോശമായതിനാൽ അദ്ദേഹത്തിന് വരാനായില്ല. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ഈ മാസം 27ന് മകൾ മറിയ ആധാരം ഇവർക്ക് കൈമാറും.
അഞ്ചും മൂന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളും കാഴ്ചപരിമിതിയുള്ള മാതാപിതാക്കളും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അന്ധയായ സഹോദരിയുംകൂടി അടങ്ങിയതാണ് സുഹൈലിന്റെ കുടുംബം. കുറച്ച് കാഴ്ച ശക്തിയുണ്ടായിരുന്ന സുഹൈൽ കടുത്ത പനിയിലൂടെയാണ് പൂർണമായും ഇരുട്ടിലായത്. കാഴ്ച പൂർണമായും ഇല്ലാതായതോടെ സുഹൈലിന് ഉണ്ടായിരുന്ന ജോലി ഇല്ലാതായി.
ഉമ്മൻ ചാണ്ടി പാലക്കാട് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ കുടുംബം അടച്ചുറപ്പുള്ള വീടിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആ അപേക്ഷ നിരസിച്ചു. തുടർന്ന് ഇവർ വീടും ഏഴു സെന്റും സഹകരണ ബാങ്കിൽ പണയംവെച്ച് പണികൾ നടത്തുകയും ചികിത്സ ചെലവുകൾ നടത്തുകയും ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള ലാപ്ടോപ്പിനുള്ള അപേക്ഷ പഞ്ചായത്ത് നിരസിച്ചപ്പോൾ ഇടപെട്ട് വാങ്ങി നൽകിയത് മുതലാണ് ഉമ്മൻ ചാണ്ടി സുഹൈലിനും കുടുംബത്തിനും തുണയാകുന്നത്.
കോവിഡ് കാലത്ത് പ്രയാസങ്ങൾ പറഞ്ഞ് ഈ കുടുംബം തങ്ങൾ ഏറെ സ്നേഹിക്കുന്ന ജനനായകനുമായി ബന്ധപ്പെട്ടു. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം തൃശൂർ ജില്ല കോൺഗ്രസ് ഭാരവാഹികൾ വീട്ടിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു.
തുടർന്ന് ജപ്തി അടക്കം പരിഹരിക്കാമെന്നും വാക്കുനൽകി. ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതുപ്രകാരം റോട്ടറി ക്ലബ് ഭാരവാഹികളായ ഗീത എബ്രഹാം, സന്ധ്യ മണ്ണത്ത്, വള്ളത്തോൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷാനവാസ്, ഭാരവാഹികൾ തുടങ്ങിയവർ ഒരു ലക്ഷം രൂപ അടച്ച് താൽക്കാലികമായി ജപ്തി ഒഴിവാക്കി. പിന്നീട് കടം പെരുകിയപ്പോൾ മൊത്തം തുകയായ 5.50 ലക്ഷവും അടച്ച് ആധാരം എടുപ്പിച്ചു. ഈ ആധാരമാണ് 27ന് കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.