പഞ്ചായത്ത് ജീവനക്കാരനും കുടുംബവും രണ്ടുവർഷമായി താമസം പട്ടികജാതി വനിതകൾക്കുള്ള പരിശീലന കേന്ദ്രത്തിൽ
text_fieldsചെറുതുരുത്തി: പഞ്ചായത്ത് ജീവനക്കാരനും കുടുംബവും രണ്ടുവർഷമായി താമസിക്കുന്നത് പട്ടികജാതി വനിതകൾക്ക് തൊഴിൽ പരിശീലനത്തിനായി നിർമിച്ച കെട്ടിടത്തിലെന്ന് ആരോപണം. പ്രതിഷേധവുമായി മുൻ പഞ്ചായത്ത് അംഗവും നാട്ടുകാരും രംഗത്തുവന്നു.
പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ് പൈങ്കുളം ചുണ്ടൻകാട് കോളനിയിൽ 2010ൽ പട്ടികജാതി വനിതകൾക്ക് തൊഴിൽ പരിശീലനത്തിനായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിലാണ് പഞ്ചായത്ത് ജീവനക്കാരൻ കുടുംബസമേതം രണ്ടുവർഷമായി താമസിക്കുന്നതായി മുൻ വാർഡ് അംഗവും നാട്ടുകാരും ആരോപിക്കുന്നത്.
പൊതുജനങ്ങളുടെ ആവശ്യത്തിനായി നിർമിച്ച സർക്കാർ സമുച്ചയം സർക്കാർ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ നൽകുന്നത് നിയമപ്രകാരം തെറ്റായ കാര്യമാണെന്ന് അറിയുന്ന ഉദ്യോഗസ്ഥർതന്നെ ഇതിനു കൂട്ടുനിൽക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
ഉദ്യോഗസ്ഥനു വേണ്ടി പ്രത്യേകമായി പൈപ്പ് ലൈൻ കണക്ഷനും എടുത്തിട്ടുണ്ടെന്നും വാർഡിൽനിന്ന് ജയിച്ചുപോയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടുകൂടിയാണ് ഈ ഉദ്യോഗസ്ഥനും കുടുംബവും താമസിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
അടിയന്തരമായി ഈ കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞുപോയില്ലെങ്കിൽ പഞ്ചായത്തിന്റെ മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് മുൻ വാർഡ് മെംബർ ടി.കെ. വാസുദേവനും നാട്ടുകാരും പറഞ്ഞു. എന്നാൽ, പഞ്ചായത്ത് ഉദ്യോഗസ്ഥന് താമസിക്കാൻ ഒരിടം കിട്ടാത്തതിനെ തുടർന്നാണ് ഈ സ്ഥലം ഒരുക്കിക്കൊടുത്തതെന്നും അടിയന്തരമായി മാറ്റാൻ നടപടി സ്വീകരിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.