രക്ഷകരായി ചെറുതുരുത്തി പൊലീസ്; സ്റ്റേഷനിലെത്തി നന്ദി പറഞ്ഞ് ദമ്പതികൾ
text_fieldsചെറുതുരുത്തി: അപകടത്തിൽനിന്ന് രക്ഷിച്ച ചെറുതുരുത്തി പൊലീസിന് സ്റ്റേഷനിലെത്തി നന്ദി പറഞ്ഞ് ദമ്പതികൾ. ഈ മാസം ഒമ്പതിന് പുലർച്ചെ വരവൂരിലെ വേട്ടാണിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സീറ്റ് ബെൽറ്റിൽ കുരുങ്ങിക്കിടന്ന മലപ്പുറം പുലാമന്തോൾ സ്വദേശികളായ ഇസഹാക്കും ഭാര്യ അസ്മയുമാണ് ചെറുതുരുത്തി എ.എസ്.ഐ യു.ആർ. ജയശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസിന് നന്ദി അറിയിക്കാൻ എത്തിയത്.
എറണാകുളം വൈപ്പിനില്‍നിന്ന് കല്യാണ ചടങ്ങ് കഴിഞ്ഞ് പിക് അപ് വാനിൽ പുലാമന്തോളിലേക്ക് പോകുകയായിരുന്നു ഇവർ. വേട്ടാണിക്കുന്നിൽ വാഹനം മറിഞ്ഞു. അതുവഴി വന്ന വാഹനങ്ങൾക്ക് കൈ കാണിച്ചിട്ടും നിർത്തിയില്ല. നൈറ്റ് പട്രോളിങിന് ഇറങ്ങിയ എ.എസ്.ഐ, പൊലീസ് ഓഫിസർ പി. സുകു, ഹോം ഗാർഡ് സി.കെ. ശശികുമാർ എന്നിവർ ഇവരെ കണ്ടു. അസ്മയെ രക്ഷിക്കാനുള്ള ശ്രമം ഫലിച്ചില്ല. പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന കയർ ഉപയോഗിച്ച് വണ്ടി വലിച്ച് പൊക്കി. ദമ്പതികൾക്ക് കൈകൾക്ക് പരിക്കേറ്റിരുന്നു. ഇവരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് പൊലീസാണ്. മരണം മുന്നിൽ കണ്ട തന്നെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് പൊലീസാണെന്ന് അസ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആശുപത്രിയിൽനിന്ന് ഇറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് വന്നതാണ്. സഹപ്രവർത്തകരെ സി.ഐയും എസ്.ഐയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.