പഴം വാങ്ങാൻ കടയിൽ കയറി, ജീവൻ തിരികെ പിടിച്ച് പൊലീസുകാർ
text_fieldsചെറുതുരുത്തി: ആ സമയത്ത് പഴം വാങ്ങാമെന്ന് തോന്നുകയും അൽപസമയം നിൽക്കേണ്ടി വന്നതും ഒരു ജീവൻ രക്ഷിക്കാനുള്ള ഡ്യൂട്ടികൂടി നിർവഹിക്കാനുള്ളതു കൊണ്ടാണെന്ന സംശയത്തിലാണ് ചെറുതുരുത്തി സ്റ്റേഷനിലെ നാലുപൊലീസുകാർ. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
തളർന്നുവീണ വയോധികനെ ജീവിതത്തിലേക്ക് വീണ്ടെടുത്തത് ഇവരുടെ ശ്രമമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങുംവഴിയാണ് കലാമണ്ഡലത്തിന് സമീപത്തെ പഴവർഗ വിൽപനശാലയിലേക്ക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹുസൈനാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രങ്കരാജ്, സിവൽ പൊലീസ് ഓഫിസർമാരായ ശ്രീദീപ്, രതീഷ് എന്നിവർ കയറിയത്.
പഴവർഗങ്ങൾ വാങ്ങുന്നതിനിെടയാണ് നെടുമ്പുര സ്വദേശിയായ ആലിക്കപറമ്പിൽ അബു (62) കടയിലേക്ക് വന്നത്. പെട്ടെന്ന് നേരെ പിറകിലേക്ക് മറിഞ്ഞുവീണു. ഉടൻ പൊലീസ് ഓഫിസർമാർ ചേർന്ന് എഴുന്നേൽപിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ അദ്ദേഹത്തെ ഹുസൈനാരും ശ്രീദീപും ചേർന്ന് സി.പി.ആർ കൊടുക്കാൻ തുടങ്ങി.
ഈ സമയത്ത് രങ്കരാജും രതീഷും ചേർന്ന് പൊലീസ് വാഹനം സമീപംതന്നെ തയാറാക്കി നിർത്തി. സി.പി.ആർ നൽകിയതിനു ശേഷം അദ്ദേഹത്തെ ഉടൻ വാഹനത്തിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കനത്ത ചൂടിനെത്തുടർന്ന് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണെന്നും തക്കസമയത്തുതന്നെ സി.പി.ആർ നൽകിയതിനാൽ രക്ഷിക്കാനായെന്നും പരിശോധിച്ച നിംസ് ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു.
വീട്ടുകാരെ വിവരം അറിയിച്ച് അവർക്കൊപ്പം അൽപനേരംകൂടി െചലവഴിച്ചും ആശ്വസിപ്പിച്ചുമാണ് പൊലീസുകാർ മടങ്ങിയത്. നാട്ടുകാരനായ ഖാദറും പൊലീസിനോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഏതായാലും പൊലീസുകാരുടെ ഈ പ്രവർത്തനം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.