വർഷത്തിൽ 96 നോമ്പുമായി 86കാരി
text_fieldsചെറുതുരുത്തി: ഓർമവെച്ച നാൾ മുതൽ റമദാനിലടക്കം വർഷം 96 നോമ്പ് നോൽക്കുന്ന 86കാരിയുണ്ട് മുള്ളൂർക്കരയിൽ. കണ്ണംപാറ ചാത്തൻകോട്ടിൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ഉമ്മാച്ചുവാണ് 96 നോമ്പ് എടുക്കുന്ന ഈ വയോധിക. അറബി മാസത്തിലെ റജബ് ഒന്ന് മുതൽ ചെറിയ പെരുന്നാൾ കഴിഞ്ഞ് ആറു നോമ്പ് വരെയാണ് 96 നോമ്പ് നോൽക്കുന്നത്.
ഏകദേശം മൂന്നു മാസവും ആറു ദിവസവും അവർ വ്രതത്തിലായിരിക്കും. കഴിഞ്ഞ വർഷം റമദാനിലും ഉമ്മാച്ചു ഉമ്മ നോെമ്പടുത്ത് തൊഴിലുറപ്പ് പണിക്ക് പോയിരുന്നു. ഇക്കുറി നോമ്പിന് രണ്ട് ആഴ്ച മുമ്പ് വീണതിനെ തുടർന്ന് ഇടത് കൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ടതിനാൽ നോെമ്പടുത്ത് പണിക്കു പോകാനായില്ല. എന്തു സുഖമില്ലായ്മ വന്നാലും ഓർമവെച്ച നാൾ മുതൽ നോമ്പ് എടുക്കാൻ തുടങ്ങിയതാണെന്ന് അവർ സ്മരിച്ചു.
മക്കൾ വിലക്കിയെങ്കിലും മരണം വരെ നോമ്പ് എടുക്കുമെന്ന് ഇവർ പറയുന്നു. പ്രായം ഏറെയായെങ്കിലും ഖുർആൻ പാരായണം നടത്താൻ കണ്ണട ഉപയോഗിക്കാറില്ല. മരംവെട്ട് തൊഴിലാളിയായ അബൂബക്കർ ആറ്റൂരിൽ നിന്നാണ് 15ാം വയസ്സിൽ ഇവരെ കല്യാണം കഴിച്ചത്. നാലു ആൺമക്കളും രണ്ടു പെൺമക്കളും അടക്കം ആറു മക്കളുണ്ട്.
ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ഭർത്താവിന് കണ്ണിന് അസുഖം വന്നതിനെ തുടർന്ന് പണിക്ക് പോകാൻ പറ്റാതെ ആകുകയും ഈ ആറു മക്കളെ വളർത്താൻ വേണ്ടി ഉമ്മാച്ചു ഉമ്മ കൂലിപ്പണിക്ക് പോകാൻ തുടങ്ങുകയുമായിരുന്നു. അന്നും നോമ്പ് നോറ്റുകൊണ്ടാണ് ഇവർ പണി ചെയ്തിരുന്നത്. നാല് വർഷം മുമ്പാണ് ഭർത്താവ് അബൂബക്കർ മരിച്ചത്. ഇപ്പോൾ മൂന്നാമത്തെ മകൻ സുലൈമാെൻറ ഒപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.