ഹാൻസ് ചാക്കുകൾ കണ്ട് ഞെട്ടി ചെറുതുരുത്തി നിവാസികൾ
text_fieldsചെറുതുരുത്തി: 80 ലക്ഷം വിലമതിക്കുന്ന ഹാൻസ് ചാക്കുകൾ കണ്ട് ചെറുതുരുത്തി നിവാസികൾ ഞെട്ടി. ഇതുവരെ കാണാത്തത്രയും വലിയ വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. തിങ്കളാഴ്ച അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ഒറ്റപ്പാലം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ വണ്ടിയിൽനിന്നാണ് പിടിച്ചെടുത്തത്. ഇയാളാണ് മായന്നൂർ സ്വദേശി അനൂപിന്റെ പേര് പറയുന്നത്. രാത്രി 12ന് തന്നെ അനൂപിന്റെ രണ്ടു നില വീട് ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വളയുകയായിരുന്നു.
വീടിന് മുന്നിൽ നിർത്തിയ ഓട്ടോറിക്ഷയിലും കാറിലുമായി ഒമ്പതിനായിരം ഹാൻസ് പാക്കറ്റുകൾ ചാക്കിലാക്കി വെച്ചിരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ നിർവികാരാവസ്ഥയിലായിരുന്നു പ്രതിയും കുടുംബവും. കോയമ്പത്തൂരിൽനിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങിച്ചുവിൽക്കുന്ന തൊഴിലിന്റെ മറവിലാണ് ഹാൻസ് ഇടപാട് എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഒറ്റപ്പാലം സ്വദേശി റഷീദിന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത ഗോഡൗൺ പരിശോധിച്ചപ്പോൾ നൂറുകണക്കിന് ചാക്കുകളിൽ വെച്ചിരിക്കുന്ന ഹാൻസ് കണ്ട് പൊലീസ് പോലും തരിച്ചുപോയി. ചൊവ്വാഴ്ച രാവിലെ വരെ പത്തോളം ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
റഷീദ് പൊലീസ് വരുന്നുണ്ടെന്നറിഞ്ഞതോടെ ഒളിവിൽ പോയി. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ ഉന്നത അന്വേഷണം വേണമെന്ന് വള്ളത്തോൾ നഗർ കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.