പ്രിയ ടോട്ടോ... ആ ചിത്രത്തിന് മരണമില്ല
text_fieldsചെറുതുരുത്തി: ഇറ്റാലിയൻ ഫുട്ബാളിലെ ഇതിഹാസതാരം സാൽവദോർ ഷില്ലാച്ചി വിട പറഞ്ഞതിന്റെ വേദനയിൽ ലോകം ഉരുകുമ്പോൾ ഇങ്ങ് തൃശൂരിൽ ഷബാബിന് പറയാനുണ്ട് ഓർമയിൽ അദ്ദേഹവുമൊത്തുള്ള ഒരു സെൽഫിക്കഥ. 2022 നവംബർ 15 ഷില്ലാച്ചിയും സംഘവും കലാമണ്ഡലത്തിൽ എത്തിയപ്പോൾ എടുത്ത സെൽഫി വലിയൊരു ഫോട്ടോ ആക്കി വീടിന്റെ മുന്നിലും മനസ്സിലും നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് കേരള കലാമണ്ഡലത്തിൽ സുരക്ഷജീവനക്കാരനും റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനുമായ ഷബാബ്. അന്ന് കലാമണ്ഡലം സന്ദർശിച്ചപ്പോൾ ഷില്ലാച്ചിക്കൊപ്പം 13 പേർ ഉണ്ടായിരുന്നു. ഈ വാർത്ത ‘മാധ്യമം’അന്ന് പ്രസിദ്ധീകരിച്ചിരുന്നു.
കലാമണ്ഡലം രജിസ്ട്രാർ ഡോ പി. രാജേഷ് കുമാറായിരുന്നു ഇവരെ സ്വീകരിച്ചത്. അന്ന് ഡ്യൂട്ടിയിൽ ഷബാബ് ഉണ്ടായിരുന്നു. ചെറുപ്പം മുതലേ ഫുട്ബാളിനെ പ്രണയിക്കുന്ന ഷബാബ് കണ്ടമാത്രയിൽ തന്നെ ഷില്ലാച്ചിയെ തിരിച്ചറിഞ്ഞു. വാഹനത്തിലിരിക്കുന്ന തന്റെ പ്രിയ താരത്തെ കണ്ട ഷബാബ് രണ്ടും കൽപ്പിച്ച് ‘ടോട്ടോ’എന്ന് വിളിച്ചു. ഉടനെ വണ്ടിയിൽനിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങി. എന്നിട്ട് യെസ് അയാം ടോട്ടോസ ഷില്ലാച്ചി എന്ന് പറഞ്ഞു.
തന്റെ സമീപമെത്തിയ അദ്ദേഹം തന്നെ എങ്ങിനെ മനസ്സിലായി എന്ന് ചോദിച്ചെന്നും ഷബാബ് ഓർക്കുന്നു. ഞാൻ ചെറുപ്പം മുതലേ ഫുട്ബാൾ കളിക്കാരനാണെന്നും താങ്കളുടെ ആരാധകനാണെന്നും ഷബാബ് അന്ന് മറുപടി പറഞ്ഞു. ഒരു സെൽഫി എടുത്തശേഷം ഇനിയും കാണാമെന്നു പറഞ്ഞാണ് അദ്ദേഹം പോയതെന്ന് ഷബാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.