ദുരന്തങ്ങളെ മനക്കരുത്തിൽ അതിജീവിച്ചു; ഖുർആൻ മനഃപാഠമാക്കി ഷാഫി
text_fields
ചെറുതുരുത്തി: ദുരന്തക്കിടക്കയിൽനിന്ന് മനക്കരുത്തിെൻറ ബലത്തിൽ ഖുർആൻ മനഃപാഠമാക്കിയ നിർവൃതിയിലാണ് വെട്ടിക്കാട്ടിരി മന്തിയിൽ വീട്ടിൽ യൂസുഫ്-ഷഹന ദമ്പതികളുടെ മകൻ ഷാഫി. രണ്ട് ദുരന്തങ്ങളുടെ ഞെട്ടലിൽനിന്ന് ഇനിയും ഈ 17കാരൻ പൂർണമായി മോചിതനായിട്ടില്ല. ഒരേ വാഹനത്തിൽ സഞ്ചരിച്ച സഹോദരനടക്കമുള്ള എട്ട് പ്രിയപ്പെട്ടവരെ 2019 ജൂണിലാണ് വിധി തട്ടിയെടുത്തത്.
സഹോദരനും ബന്ധുക്കൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെ പാലക്കാട് തണ്ണിശ്ശേരി പഴയ പോസ്റ്റ് ഓഫിസ് പരിസരത്തായിരുന്നു ആദ്യ അപകടം. തുടർന്ന് പാലക്കാട് പാലന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് മത്സ്യ ലോറിയുമായി കൂട്ടിയിടിച്ച് ജ്യേഷ്ഠനും രണ്ട് അമ്മാവന്മാരും അമ്മാവെൻറ മകനുമടക്കം എട്ടു പേരെയാണ് മരണം തട്ടിയെടുത്തത്. അന്ന് അത്ഭുതകരമായാണ് ഷാഫി രക്ഷപ്പെട്ടത്. മൂന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും മനക്കരുത്തും നാടിെൻറ പ്രാർഥനയും ഷാഫിയെ ജീവിതവഴിയിൽ തിരിച്ചെത്തിച്ചു.
അപകടത്തിന് ദിവസങ്ങൾക്കുമുമ്പ് ആറ്റൂർ ദാറുൽ ഫലാഹിൽ ചേർന്ന ഷാഫി ഏറെ നാൾ നീണ്ട ആശുപത്രിവാസത്തിനും വിദഗ്ധ ചികിത്സക്കും ശേഷം ദാറുൽ ഫലാഹിൽ തിരിച്ചെത്തി. ഖുർആൻ പാരായണത്തിലൂടെയാണ് ആശ്വാസം കണ്ടെത്തിയത്. ദാറുൽ ഫലാഹ് അധികൃതരുടെ സ്നേഹപരിചരണം വലിയ മാനസിക പിന്തുണയായി. ഖുർആൻ മുഴുവൻ മനഃപാഠമാക്കിയതിെൻറ സന്തോഷത്തിലാണ് ഷാഫിയിന്ന്. ദാറുൽ ഫലാഹ് ചെയർമാൻ മുഹ്യുദ്ദീൻ ഹാജി ഉപഹാരം നൽകി അനുമോദിച്ചു. ട്രഷറർ അലിക്കുട്ടി ഹാജി, പ്രിൻസിപ്പൽ ഷിയാസ് അലി വാഫി, സൈനുദ്ദീൻ വാഫി, സലീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.