ചന്ദ്രയാന്റെ വിജയകരമായ ലാൻഡിങ്ങിന് പ്രാർഥനയോടെ സുധീറും
text_fieldsചെറുതുരുത്തി: ചന്ദ്രയാൻ-മൂന്ന് ബുധനാഴ്ച വൈകീട്ട് ചന്ദ്രനിലിറങ്ങുമ്പോൾ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാളാണ് സുധീർ. ചെറുതുരുത്തി നെടുംമ്പുര കോട്ടയിൽ വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ സുധീർ (48) ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ പോയി ചന്ദ്രയാന്റെ വിക്ഷേപണം കണ്ടതുമുതൽ തുടങ്ങിയതാണ് പ്രാർഥനയും. സാമ്പത്തികപ്രശ്നത്തെത്തുടർന്ന് കൂടുതൽ പഠിക്കണമെന്ന മോഹം ഉപേക്ഷിക്കേണ്ടി വന്ന സുധീർ പൈങ്കുളം ഭാഗത്ത് ബാർബർ ഷോപ് നടത്തുകയാണ്. 10ാം ക്ലാസ് വരെ പഠിച്ച സുധീറിന് ചെറുപ്പം മുതലേ റോക്കറ്റ് കുതിച്ചുയരുന്നതും അതേപ്പറ്റി പഠിക്കാനും വലിയ താൽപര്യമാണ്.
റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം കൗതുകത്തോടെ കേൾക്കുകയും കാണുകയും ചെയ്യുമായിരുന്നു. ജീവിതത്തിൽ വലിയ ആഗ്രഹമായിരുന്നു ഈ ദൗത്യം കാണണമെന്നത്. പല ആളുകളോടും അന്വേഷിച്ചപ്പോൾ ശ്രീഹരിക്കോട്ടയിലേക്ക് പോകാൻ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. എങ്കിലും ജൂലൈ 12ന് ട്രെയിനിൽ യാത്ര തിരിക്കുകയായിരുന്നു. 14ന് ശ്രീഹരിക്കോട്ടയിലെത്തി ഉദ്യോഗസ്ഥരോട് കേരളത്തിൽനിന്നുള്ള ആളാണെന്ന് പരിചയപ്പെടുത്തി. തുടർന്ന് തിരിച്ചറിയൽ കാർഡ് വാങ്ങിക്കുകയും ഫോറം പൂരിപ്പിച്ച് വാങ്ങുകയും ചെയ്തു. കർശന പരിശോധനകളും പൂർത്തിയാക്കി ചന്ദ്രയാൻ കുതിച്ചുയരുന്നത് കാണാൻ സൗകര്യമൊരുക്കുകയായിരുന്നു. ജീവിതത്തിൽ ആ നിമിഷം ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണെന്നും സുധീർ പറയുന്നു. ബുധനാഴ്ച ചന്ദ്രയാന്റെ ലാൻഡിങ് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.