സങ്കടം കണ്ടുനിൽക്കാനായില്ല; തിരച്ചിലിന് പുഴയിലിറങ്ങി എസ്.ഐ
text_fieldsചെറുതുരുത്തി: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ജസ്റ്റിന്റെ പിതാവിന്റെയും ബന്ധുക്കളുടെയും സങ്കടം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും കണ്ണീരണിയിച്ചു. സങ്കടം കണ്ടുനിൽക്കാനാവാതെ ചെറുതുരുത്തി എസ്.ഐ ആർ. നിഖിലും തിരച്ചിലിന് പുഴയിലിറങ്ങി. തിങ്കളാഴ്ച ഏഴു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ എസ്.ഐ ഉൾപ്പെട്ട സംഘം മൃതദേഹം കണ്ടെടുത്തു.
ശനിയാഴ്ച വൈകീട്ട് ബന്ധുക്കളോടൊപ്പം പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിന് സമീപം കുളിക്കാനിറങ്ങിയ ചങ്ങനാശ്ശേരി അഞ്ചമ്പിൽ വീട്ടിൽ മാത്യുവിന്റെ മകൻ ജസ്റ്റിൻ മാത്യുവിനെ (34) ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 8.30 വരെ എസ്.ഐയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ പത്തിന് തിരച്ചിൽ നടത്തുന്ന ഭാരതപ്പുഴക്ക് സമീപം എസ്.ഐ എത്തിയപ്പോൾ അസുഖബാധിതനായ പിതാവ് മാത്യു അവിടെയെത്തിയിരുന്നു. ജസ്റ്റിന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരായ ചാൾസും ജോൺസനും മറ്റു ബന്ധുക്കളും കൂടെയുണ്ടായിരുന്നു.
ഇതുവരെ തിരച്ചിൽ നടത്തിയിട്ടും ഒരു പ്രയോജനവും കാണുന്നില്ലെന്ന് ബന്ധുക്കൾ സങ്കടത്തോടെ പറഞ്ഞതോടെ എസ്.ഐ ഡ്യൂട്ടി ഡ്രസ് മാറ്റി ഷൊർണൂർ അഗ്നിരക്ഷ ഉദ്യോഗസ്ഥരുടെ കൈയിൽനിന്ന് ഡ്രസ് വാങ്ങി പുഴയിലിറങ്ങുകയായിരുന്നു. എസ്.ഐ സെലക്ഷൻ കിട്ടുന്നതിനുമുമ്പ് 2014ൽ കാസർകോട് അഗ്നിരക്ഷാസേനയിൽ മുങ്ങൽ ഉദ്യോഗസ്ഥനായിരുന്നു. ആ കഴിവ് വെച്ചുകൊണ്ടാണ് ഭാരതപ്പുഴയിൽ മുങ്ങാനായി ഇറങ്ങിയത്. ഏഴുമണിക്കൂർ ഭാരതപ്പുഴയിൽ മറ്റുള്ളവരോടൊപ്പം എസ്.ഐയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം വൈകീട്ട് അഞ്ചോടെ ലഭിച്ചത്. എസ്.ഐയുടെ പ്രവൃത്തിയിൽ മുൻ എം.പി രമ്യ ഹരിദാസും മറ്റു രാഷ്ട്രീയ നേതാക്കന്മാരും നാട്ടുകാരും അഭിനന്ദമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.