വാർധക്യം ആഘോഷമാക്കി അധ്യാപക സുഹൃത്തുക്കൾ
text_fieldsചെറുതുരുത്തി: അധ്യാപനത്തിൽനിന്ന് ഒഴിഞ്ഞപ്പോൾ പൊതുപ്രവർത്തനത്തിൽ ഊർജം കണ്ടെത്തി വാർധക്യം ആഘോഷമാക്കുകയാണ് അധ്യാപക സുഹൃത്തുക്കളായ 94കാരൻ ഉണ്ണിയും 74കാരൻ ഹംസയും. 1930 ജനുവരി രണ്ടിനാണ് ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരിയിൽ നീണ്ടൂർ തെക്കേ കളത്തിൽ വീട്ടിൽ മാധവന്റെയും മാധവിയുടെയും പത്ത് മക്കളിൽ മൂത്തവനായി രാഘവൻ എന്ന ഉണ്ണി ജനിച്ചത്. അന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ മാത്രമേ ദിനപത്രം വാങ്ങിക്കാറുള്ളൂ. ഒരു കിലോമീറ്റർ നടന്ന് ദിനപത്രം വായിക്കാൻ വരുന്ന സുഹൃത്തായിരിന്നു തെക്കേ വയ്യാട്ടുകാവിൽ മുഹമ്മദ് ഹാജി. ഉറ്റ മിത്രങ്ങളായ ഇവർ രണ്ടുപേരുമാണ് നാട്ടുകാർക്ക് പത്രവിശേഷങ്ങൾ പറഞ്ഞുകൊടുത്തിരുന്നത്. അന്ന് ഇരുവരും തീരുമാനിച്ചു, തങ്ങളുടെ മക്കളെ അധ്യാപകരാക്കാൻ. മാധവൻ മകൻ രാഘവൻ എന്ന ഉണ്ണിയെ പഠിപ്പിച്ച് അധ്യാപകനാക്കി. മുഹമ്മദ് ഹാജിയുടെ മകൻ ഹംസയും അധ്യാപകനായി. ദേശീയ അധ്യാപക ദിനത്തിൽ ഈ കഥകളെല്ലാം സ്മരിക്കുകയാണ് ഇരുവരും.
നാട്ടിലെ പൊതു പരിപാടികളിലും സജീവമാണ് ഇവരുവരും. ഹംസ വായനശാലയിലും സമീപത്തുള്ള പള്ളിയിലും ബനാത്ത് യത്തീംഖാനയിലും വിവിധ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഉണ്ണി എസ്.എൻ.ഡി.പിയിലും വായനശാലയിലും മറ്റു വിവിധ പരിപാടികളിലും സജീവമാണ്. എല്ലാ ദിവസങ്ങളിലും ഇവർ വായനശാലകളിലും വീട്ടിൽ ചെന്നും സ്നേഹബന്ധങ്ങൾ പങ്കുവെക്കും. ഉണ്ണി സഹധർമിണി മരിച്ചതിനെ തുടർന്ന് മക്കളോടൊപ്പമാണ് താമസം. ഹംസ സഹധർമിണിയും മൂന്നു മക്കളുമായി ജീവിക്കുന്നു. രണ്ടാമത്തെ മകൻ അധ്യാപകനായി സർക്കാർ സർവിസിലുണ്ട്. ഈ രണ്ട് അധ്യാപകരും കവിതകളും ലേഖനങ്ങളും മറ്റും എഴുതാറുണ്ട്. ലോക അധ്യാപക ദിനത്തിൽ ഇരുവരേയും മന്ത്രി കെ. രാധാകൃഷ്ണൻ ചേലക്കരയിൽ വെച്ച് ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.