ഉരുൾപൊട്ടൽ ബാധിതർക്ക് വീട് വെച്ചില്ല; സർക്കാറിന് കൈമാറിയ ഭൂമി ഇഴജന്തുക്കളുടെ താവളം
text_fieldsചെറുതുരുത്തി: 2018ലെ ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാറിന് ദാനമായി നൽകിയ 12 സെന്റ് സ്ഥലം കാട് പിടിച്ച് ഇഴജന്തുക്കളുടെയും മറ്റു മൃഗങ്ങളുടെയും താവളമായി. ഇതേതുടർന്ന് സ്ഥലം നൽകിയ അധ്യാപികയും അയൽവാസികളും ദുരിതത്തിൽ. അധികൃതർ ഈ സ്ഥലം വയനാട്ടിലെ ഉരുൾപൊട്ടലിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കൊടുക്കണമെന്ന് ആവശ്യം.
ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂരിൽ 2018 ആഗസ്റ്റ് 15ന് ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചിരുന്നു. 35 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കാൻ പറ്റാതെ ദേശമംഗലത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്നു. ഈ സങ്കടകാഴ്ച കണ്ടതോടെയാണ് ദുരിതബാധിത ബാധിർക്ക് വീട് നിർമിക്കാൻ 12 സെൻറ് ഭൂമി നൽകാൻ അധ്യാപികയായ ദേശശമംഗലം വാളേരി വീട്ടിൽ ചന്ദ്രമതി (71) തയാറായത്.
ദേശമംഗലത്ത് 38 വർഷം ടൈപ്പ്റൈറ്റിങ് അധ്യാപികയായ ഇവർ സ്വന്തമായുള്ള 54 സെന്റ് സ്ഥലത്തുനിന്നാണ് 12 സെന്റ് നൽകിയത്. നാല് കുടുംബങ്ങൾക്കെങ്കിലും ഇവിടെ വീട് നിർമിക്കാമെന്ന് അന്നത്തെ ദേശമംഗലം വില്ലേജ് ഓഫിസറും തലപ്പിള്ളി താലൂക്ക് തഹസിൽദാറും പറഞ്ഞിരുന്നു. എന്നാൽ ആറ് വർഷം കഴിഞ്ഞിട്ടും ഇവിടെ ഒരു വീട് പോലും നിർമിച്ചില്ല. കാടു പിടിച്ച സ്ഥലം വെട്ടിത്തെളിക്കാൻ പോലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ഇവർ പരാതപ്പെടുന്നു.
കാടുപിടിച്ച സ്ഥലത്ത് കാട്ടുപന്നി, മുള്ളൻ പന്നി, പാമ്പുകൾ തുടങ്ങിയവ സ്ഥിരതാമസക്കിയിരിക്കുകയാണ്. വീട്ടുവളപ്പിലെ പല കൃഷികളും ഇവ നശിപ്പിക്കുകയാണെന്നും നിരവധി തവണ അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ചന്ദ്രമതി ടീച്ചർ പറയുന്നു. ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ ദാനമായി നൽകിയ ഈ സ്ഥലത്തേക്ക് വാഹനങ്ങൾ വരാനുള്ള റോഡ് അടക്കമുള്ള സൗകര്യങ്ങളുണ്ട്. അധികൃതർ ഇനിയും നിസ്സംഗത തുടരുന്നത് ശരിയല്ലെന്നും വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് ഈ സ്ഥലം നൽകണമെന്നുമാണ് സങ്കടത്തോടെ ചന്ദ്രമതി ടീച്ചർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.