ജാതി സർട്ടിഫിക്കറ്റിനായുള്ള പോരാട്ടത്തിന് അര നൂറ്റാണ്ട്; നീതിനിഷേധത്തിന്റെ മൂകസാക്ഷികളായി ഒരു കുടുംബം
text_fieldsചെറുതുരുത്തി: ജാതി സർട്ടിഫിക്കറ്റിനായി ഒരു കുടുംബം നടത്തുന്ന പോരാട്ടത്തിന് അര നൂറ്റാണ്ടിന്റെ ദുരിതഭാരം. ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരി ഉണ്ണിക്കുന്ന് കോളനിയിൽ സ്വന്തം സ്ഥലത്ത് വീടുവെച്ച് താമസിക്കുന്ന പാണ്ഡ്യൻ (65), ഭാര്യ വെൻബ് (63) എന്നിവരും അവരുടെ ഏഴ് മക്കളും അവരുടെ കുടുംബവും അടങ്ങുന്ന 25 പേരാണ് ജാതി സർട്ടിഫിക്കറ്റിനായി നിയമ പോരാട്ടം നടത്തുന്നത്.
പാണ്ഡ്യൻ ചെറുപ്പത്തിൽ പിതാവ് രാമന്റെ കൈപ്പിടിച്ച് തമിഴ്നാട് മധുരയിൽനിന്ന് കേരളത്തിലേക്ക് വരികയും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയതുമാണ്. തങ്ങളുടെ ജീവിതകാലം അവസാനിക്കാറായിട്ടും മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്ത വിഷമത്തിലാണ് ഈ അച്ഛനും അമ്മയും.
ഹിന്ദു സമുദായത്തിലെ കുറുവൻ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ മക്കൾക്ക് 35 വർഷങ്ങൾക്ക് ശേഷം സ്കൂൾ സർട്ടിഫിക്കറ്റിൽ ജാതി നൽകിയിരുന്നു. എന്നാൽ, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് നിഷേധിച്ചു. ജനിച്ച സ്ഥലത്തെ വില്ലേജ് അധികൃതരിൽ നിന്നും കുടുംബത്തിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നാണ് പറയുന്നത്. 1974ൽ പിതാവിനൊപ്പം ഇവിടെ വന്നതാണ് പാണ്ഡ്യൻ.
മാതാപിതാക്കൾ കേരളത്തിൽവെച്ചാണ് മരണപ്പെട്ടത്. പിന്നീട് കേരളത്തിൽ കഴിഞ്ഞ ഇവർക്ക് ജനിച്ച സ്ഥലമോ നാടോ ഒന്നും വ്യക്തമല്ല. കേരളത്തിന്റെ മറ്റു ജില്ലകളിൽ കഴിയുന്ന ഇവരുടെ കൂട്ടുകുടുംബങ്ങൾക്ക് അവിടങ്ങളിലെ ഭരണകൂടം ജാതി സർട്ടിഫിക്കറ്റ് നൽകുമ്പോഴും നീതി നിഷേധത്തിന്റെ സാക്ഷികളായി മാറുകയാണ് ഈ കുടുംബം.
എസ്.എസ്.എൽ.സി പൂർത്തിയാക്കി ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്ന മകൻ ഉണ്ണികൃഷ്ണന് എസ്.എസ്.എൽ.സി ബുക്കിലും ജാതി നിഷേധിക്കുന്നു. മകളായ വിനിത ജന്മനായുള്ള ഹൃദയ സംബന്ധമായ അസുഖം മൂലം തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലാണ്. ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതു മൂലം സൗജന്യ ചികിത്സയും ആനുകൂല്യവും നിഷേധിക്കുന്നു.
കൂലിപ്പണിക്കാരായ ഇവർക്ക് കുട്ടിയുടെ ചികിത്സക്ക് തന്നെ മാസത്തിൽ നല്ലൊരു സംഖ്യ വേണം. ജില്ല കലക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നിരാശ മാത്രം ബാക്കി. മക്കളുടെ പഠനവും ചികിത്സയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയം മൂലം കഴിയുന്ന ഈ കുടുംബം വാർഡ് മെംബർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.