പട്ടയം കാത്ത് മൂന്ന് പതിറ്റാണ്ട്; കണ്ണടച്ച് അധികൃതർ
text_fieldsചെറുതുരുത്തി: 50 വർഷമായി താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാൻ രോഗിയായ വയോദമ്പതികൾ അടങ്ങുന്ന കുടുംബം 28 വർഷമായി മുട്ടാത്ത വാതിലുകളും കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളുമില്ല. അർബുദവും ഹൃദ്രോഗവും ഒരുപോലെ പിടിമുറുക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈൽസിന് സമീപം തമാസിക്കുന്ന ആലസാക്ക വീട്ടിൽ ആലികുട്ടി (68), ഭാര്യ നൂർജഹാൻ (63) എന്നിവരുടെ കുടുംബം.
സ്വന്തമായി ഒരു സെൻറ് ഭൂമി പോലുമില്ലാത്ത കുടുംബം ചീരകുഴി കനാൽ പുറമ്പോക്കിലാണ് താമസം. 1993ൽ പട്ടയത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും തീരുമാനമായില്ല. കനാലിെൻറ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ആറ് മീറ്റർ സ്ഥലം കഴിഞ്ഞാണ് കുടുംബത്തിെൻറ കൈവശമുള്ള പതിനേഴര സെൻറ് ഭൂമിയെന്നും ഇത് പതിച്ചുകൊടുക്കുന്നതിൽ വിരോധമില്ലെന്നും കാണിച്ച് തലപ്പിള്ളി തഹസിൽദാർ നേരിട്ട് വന്ന് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം അഞ്ച് വർഷം മുമ്പ് പൂർത്തീകരിക്കുകയും താലൂക്ക് സർവേയർ സ്ഥലത്തെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാല് വർഷം മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീട് ഭാഗികമായി തകർന്നെങ്കിലും പട്ടയമില്ലാത്തതിെൻറ പേരിൽ സർക്കാർ സഹായം പോലും നിഷേധിക്കപ്പെട്ടു.
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ഉൾപ്പെടെ പ്രശ്നം അവതരിപ്പിക്കുകയും അനുകൂല തീരുമാനം ഉണ്ടാകുകയും ചെയ്തെങ്കിലും നടപടി മാത്രം ഒച്ചിെൻറ വേഗത്തിലാണ്. മഴ കനക്കും മുമ്പ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വീട് തകർന്ന് കുടുംബം വഴിയാധാരമാവുമെന്ന ആശങ്കയിലാണ് ആലികുട്ടിയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.