കഥകളിയിൽ പെണ്ണാട്ടം; അരങ്ങേറ്റം കുറിച്ച് മൂന്ന് പെൺകുട്ടികൾ
text_fieldsചെറുതുരുത്തി: സ്ത്രീകൾക്ക് പൊതുവെ അയിത്തം കൽപ്പിച്ച കഥകളിയിൽ സാന്നിധ്യംകൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് മൂവർ സംഘം. പുരുഷന്മാരുടെ കുത്തകയായിരുന്ന കഥകളിയിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പത്താംക്ലാസ് വിദ്യാർഥികളായ കഥകളി വടക്കൻ വിഭാഗത്തിൽ പഠിക്കുന്ന ശ്രീലക്ഷ്മി ശേഖർ, കെ. വൈഷ്ണ, എം. ശ്രീലക്ഷ്മി എന്നിവർ. സഹവിദ്യാർഥിയായ കെ.ആർ. അഭിജിത്തും ഇവർക്കൊപ്പം അരങ്ങേറ്റം കുറിച്ചു.
ശ്രീകൃഷ്ണന്റെ വേഷമാണ് അണിഞ്ഞ്. കഥകളിയിലെ പുറപ്പാടാണ് അവതരിപ്പിച്ചത്. കാണാനെത്തിയ നിരവധിപേർ കൈയടിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ കൃഷ്ണജിത്ത് പ്രവീൺ, ആദ്യത്യൻ അനിൽ, നന്ദകിഷോർ, സഞ്ജയ് കൃഷ്ണ എന്നിവർ ചെണ്ടയിലും മദ്ദളത്തിൽ പത്താം ക്ലാസ് വിദ്യാർഥികളായ നിവേദ്കൃഷ്ണ, സി.യു. ആയുഷ്, വിധുൻ ഗോപൻ എന്നിവരുടേയും അരങ്ങേറ്റത്തോടെയാണ് കഥകളി ഗംഭീരമാക്കിയത്. ഭദ്രദീപം കൊളുത്തി കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി. അനന്തകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ, കലാമണ്ഡലം അക്കാദമിക്ക് കോഓഡിനേറ്റർ കലാമണ്ഡലം അച്യുതാനന്ദൻ, മറ്റു ഭരണസമിതി അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.