കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
text_fieldsചെറുതുരുത്തി: ജനവാസ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കാലിനും കൈക്കും പരിക്കേറ്റു. ഇവർ വടക്കാഞ്ചേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. വെട്ടിക്കാട്ടിരി മാളിയേക്കൽ വീട്ടിൽ ഷംസുദ്ധീന്റെ മകൻ മിദ് ലാജ് (16), വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡിന് സമീപം താമസിക്കുന്ന മാച്ചാംപുള്ളി വീട്ടിൽ അബ്ദുൽ സലാമിന്റെ മക്കളായ മുഹമ്മദ്റജീഫ് (14), സഹോദരി റിയ സുലൈഖ (12) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ ട്യൂഷനും മദ്റസ പഠനത്തിനുമായി കുട്ടികൾ പാഞ്ഞാൾ റോഡിലൂടെ പോവുകയായിരുന്നു. ഇതിനിടെ ഇടവഴിയിൽനിന്ന് കാട്ടുപന്നി ഓടിവന്ന് മിഥിലാജിനെ ഇടിക്കുകയായിരുന്നു.
ഇവിടെനിന്ന് ഓടിപ്പോയ കാട്ടുപന്നി സമാന രീതിയിൽ മദ്റസയിലേക്ക് പോകുന്ന റിയയെയും സഹോദരൻ റജീബിനെയും ആക്രമിക്കുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് കാട്ടുപന്നി സമീപത്തുള്ള വീട്ടു വളപ്പിലേക്ക് ഓടിപ്പോയി. പ്രദേശത്ത് കാട്ടുപന്നി, തെരുവ് നായ് ശല്യം രൂക്ഷമാണെന്നും നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കാട്ടുപന്നി വിളയാട്ടം; അവണൂരിൽ വ്യാപക കൃഷിനാശം
അവണൂർ: ജനവാസമേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. തങ്ങാലൂർ ചിലങ്കലിയത്ത് സുനിലിന്റെ ഒരേക്കറിലെ വാഴയും ചേമ്പും ചേനയുമടക്കമുള്ള കൃഷിയാണ് നശിപ്പിച്ചത്. മൂന്ന് മാസം പ്രായമായ 25 ചെങ്ങാലിക്കോടൻ വാഴകളും 70 തടം കൊള്ളി കൃഷിയും ചേമ്പ്, ചേന, കൂവ തുടങ്ങിയവ നശിപ്പിച്ചു. രണ്ട് വർഷമായി കാട്ടുപന്നികൾ പെരുകി അവണൂർ പഞ്ചായത്തിലെ വെളപ്പായ, മണിത്തറ, ചൂലിശ്ശേരി അവണൂർ, വരടിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നെൽകൃഷി ഉൾപ്പെടെ നശിപ്പിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് ഷൂട്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും അവർക്ക് പ്രതിഫലം നൽകുന്നതിന് നടപടി ഇല്ലാത്തതിനാൽ പന്നികളെ നശിപ്പിക്കുന്നതിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് അലംഭാവമെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.