അധികൃതർ കണ്ണ് തുറന്നു; ഭാരതപ്പുഴയിൽ നിന്ന് വെള്ളമെത്തി
text_fieldsചെറുതുരുത്തി: അധികൃതർ നടപടിയെടുത്തപ്പോൾ ഭാരതപ്പുഴയിൽനിന്ന് വെള്ളമെത്തി, ആശ്വാസത്തിൽ കർഷകർ. വെള്ളം ലഭിക്കാത്തതിനെ തുടർന്ന് 100 ഏക്കറോളം പാടത്തെ കൃഷി നശിക്കുന്നു എന്ന് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ഇതേതുടർന്ന് ചാലക്കുടി ലിഫ്റ്റ് ഇറിഗേഷൻ അസി. എൻജിനീയർ ഷാജിയും സംഘവും സ്ഥലത്തെത്തി ഭാരതപ്പുഴയിലെ പമ്പ് ഹൗസിലെ മോട്ടർ ശരിയാക്കി കർഷകർക്ക് വെള്ളം എത്തിക്കുകയായിരുന്നു.
ഇതോടെ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി -പള്ളം പാടശേഖരത്തിൽ വെള്ളമെത്തി. ഭാരതപ്പുഴയിൽനിന്ന് കനാൽ വഴി പാടത്തേക്ക് വെള്ളമെത്തിക്കുന്ന മോട്ടോർ കേടായതിനാലാണ് വെള്ളം എത്താതിരുന്നത്. കഴിഞ്ഞ മഴയിൽ പുഴയിൽ വെള്ളം കയറിയ സമയത്ത് മോട്ടോറിലും കിണറ്റിലും മണൽ നിറഞ്ഞതും വെള്ളം എടുക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാക്കി.
കർഷകർ നേരിട്ട് എത്തി പുഴയിൽനിന്ന് മണലെടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പൂർണതോതിൽ നടപ്പായില്ല. വെള്ളം എത്താത്തതിനെ തുടർന്ന് പാടം വിണ്ടുകീറി കൃഷിയിറക്കാൻ പറ്റാത്ത നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.