ജനവാസ മേഖലയിൽ വീണ്ടും കാട്ടാന
text_fieldsചെറുതുരുത്തി: ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വീടിന്റെ ഗേറ്റ് തകർക്കുകയും പ്ലാവിലെ ചക്ക പറിച്ച് കഴിക്കുകയും ചെയ്തു. രണ്ട് ആനയും ഒരു കുട്ടിയാനയും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ആറ്റൂർ എടപ്പാറ കോളനിക്ക് സമീപം വാക്കാൽപടി മുഹമ്മദ് കുട്ടി, പാലക്കുളം മത്തായി എന്നിവരുടെ പറമ്പിലാണ് കാട്ടാനകൾ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ എത്തിയത്.
വീടിനുസമീപത്തെ പ്ലാവിൽനിന്ന് ചക്ക പറിച്ച് കഴിച്ചതിനൊപ്പം സമീപത്തെ തെങ്ങുകൾ കുത്തി മറിച്ച് അതിലെ പട്ട അകത്താക്കുകയും ചെയ്തു. തുടർന്ന് റോഡ് മാർഗം നടന്ന് സമീപത്തെ വീടിന്റെ ഗേറ്റ് തകർത്ത് വാഴകൾ തിന്നുകയും ചെയ്തു. പിന്നീട് റബ്ബർ എസ്റ്റേറ്റിലൂടെ കാട്ടിലേക്ക് മടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.ആറ്റൂർ അസുരൻകുണ്ട് വനത്തിൽനിന്നാണ് ആനകളെത്തിയത് എന്നാണ് നിഗമനം.
വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഒരാഴ്ച മുമ്പും സമീപ പ്രദേശങ്ങളിൽ ആനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രദേശങ്ങളിൽ ആനകൾ വരുന്നതെന്നും ഭീതിയോടെയാണ് തദ്ദേശവാസികൾ കഴിയുന്നതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.