അപരിചിതയായ യുവതിക്ക് വൃക്ക നൽകി വെൽഡിങ് തൊഴിലാളി
text_fieldsചെറുതുരുത്തി: വിധിയുടെ വിളയാട്ടം ജീവിത സ്വപ്നങ്ങളത്രയും തകർത്തെറിഞ്ഞ അപരിചിതയായ യുവതിക്ക് സ്വന്തം വൃക്ക സമ്മാനിച്ച് വെൽഡിങ് തൊഴിലാളിയുടെ മാതൃക. ചെറുതുരുത്തി നെടുമ്പുര സ്വദേശി കുളഞ്ചേരി മണികണ്ഠനാണ് (45) പാലക്കാട് ജില്ലയിലെ കാവഞ്ചേരി പഞ്ചായത്തിൽ കഴഞ്ഞി സൗത്ത് അയ്യൻപുളി വീട്ടിൽ മധുവിെൻറ ഭാര്യ സൗമ്യക്ക് (22) വൃക്ക പകുത്ത് നൽകുന്നത്.
സൗമ്യയുടെ ജീവിത കഥ ആരുടെയും കണ്ണ് നിറക്കുന്നതാണ്. ചെറുപ്രായത്തിൽതന്നെ അനുഭവിച്ചു തീർക്കാത്ത ദുരിതങ്ങളില്ല. ഭർത്താവ് മധു വൃക്ക രോഗിയാണ്. പിതാവിന് കടുത്ത പ്രമേഹം. മാതാവ് അർബുദം ബാധിച്ച് മരിച്ചു. നാലു വയസ്സുകാരിയുടെ മാതാവുകൂടിയാണ് സൗമ്യ. ജീവിത പ്രയാസങ്ങളിലൂടെയുള്ള യാത്രക്കിടയിലാണ് സൗമ്യയെ സങ്കടക്കടലിലേക്ക് തള്ളിയിട്ട് വൃക്ക തകരാറിലായത്. മാറ്റിവെക്കുക മാത്രമാണ് ഏക വഴിയെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതോടെ ജീവിതം വഴിമുട്ടി.
വൃക്ക ലഭിക്കലും മാറ്റിവെക്കാനുള്ള പണവും പ്രതിസന്ധിയായി. ഇതിനിടയിലാണ് പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബ്ൾ ട്രസ്റ്റ് സൗമ്യയുടെ കദനകഥ അറിയുന്നത്. ഇവർ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വൃക്കക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. ഇങ്ങനെയാണ് സൗമ്യയുടെ ദയനീയത മണികണ്ഠൻ അറിയുന്നത്. പിന്നീടൊന്നും ചിന്തിച്ചില്ല. വീട്ടുകാരുമായി സംസാരിച്ച് സൗമ്യയെ സ്വന്തം സഹോദരിയായി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഭാര്യ പ്രീതയും മക്കളായ മിഥുൻരാജ്, ശ്രീരാജ് എന്നിവരും പരിപൂർണ പിന്തുണ നൽകിയതോടെ വൃക്ക പകുത്തു നൽകാൻ തീരുമാനമായി. പരിശോധനകളിൽ വൃക്ക സൗമ്യക്ക് ചേരുന്നതാണെന്ന് കണ്ടെത്തി. അടുത്ത ദിവസം ശസ്ത്രക്രിയ നടക്കും. നന്മയുടെ വടവൃക്ഷമായി മാറിയ മണികണ്ഠനെ ദയ ചാരിറ്റബ്ൾ ട്രസ്റ്റ് അനുമോദിച്ചു. സൗമ്യയുടെ ചികിത്സക്കുള്ള പണം ട്രസ്റ്റ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.