പോസ്റ്ററിലും ബോർഡിലുമുണ്ട്; മുഖ്യമന്ത്രി തൃശൂർ ജില്ല സമ്മേളനത്തിനില്ല
text_fieldsതൃശൂർ: സി.പി.എം ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ചികിത്സക്കായി 15ന് അമേരിക്കയിലേക്ക് തിരിക്കുന്ന അദ്ദേഹം 30നേ മടങ്ങിയെത്തൂ. 21 മുതൽ 23 വരെയാണ് ജില്ല സമ്മേളനം.
ഉദ്ഘാടനം മുതൽ പൊതുസമ്മേളനം വരെ മുഖ്യമന്ത്രി പൂർണസമയം സമ്മേളനത്തിൽ ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. പോസ്റ്ററുകളിലും ബോർഡുകളിലും വിഡിയോ പ്രചാരണങ്ങളിലുമെല്ലാം മുഖ്യമന്ത്രി നിറഞ്ഞുനിൽക്കെയാണ് ചികിത്സ യാത്ര വരുന്നത്.
ദേശീയതലത്തിൽ പോലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കരുവന്നൂർ പോലുള്ള വിഷയങ്ങളുള്ള ജില്ലയിൽ പാർട്ടി ഏറെ കരുതലോടെയാണ് തയാറെടുത്തത്. അതിനാൽ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന ആവശ്യവും സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായവുമുണ്ടായിരുന്നു. ഇതനുസരിച്ചാണ് സമ്മേളനം തീരുമാനിച്ചത്.
മുമ്പ് കടുത്ത വിഭാഗീയത നിലനിന്നിരുന്ന ജില്ലയിൽ ഇപ്പോഴും അതിന്റെ അനുരണനമുണ്ടെന്നാണ് കുന്നംകുളം ഏരിയ സമ്മേളനത്തിലെ മത്സരം വ്യക്തമാക്കുന്നത്. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവിനെയടക്കം പുറത്താക്കിയുള്ള കടുത്ത കൂട്ട നടപടി സ്വീകരിച്ചെങ്കിലും പാർട്ടി പ്രവർത്തകരും നേതാക്കളും അനുഭാവികളുമൊന്നും ഇപ്പോഴും തൃപ്തരല്ല. വലിയ ചർച്ചക്കിടയാക്കിയെങ്കിലും പൊട്ടിത്തെറികളില്ലാതെ ഏരിയ സമ്മേളനങ്ങൾ കടന്നു പോയെങ്കിലും ജില്ല സമ്മേളനത്തിൽ പ്രതിഫലിച്ചേക്കുമെന്നാണ് നേതാക്കൾ തന്നെ കരുതുന്നത്.
അതിനാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യമുള്ളതിന്റെ ധൈര്യത്തിലായിരുന്നു നേതാക്കൾ. അനുനയ നീക്കങ്ങൾ ഫലം കാണാതിരുന്ന കുന്നംകുളത്ത് ഔദ്യോഗിക പാനലിനെതിരെ എട്ടുപേരാണ് മത്സരിക്കാനെത്തിയത്. ഇവരെല്ലാം പരാജയപ്പെട്ടെങ്കിലും വാശിയേറിയ മത്സരമുണ്ടായെന്നത് പാർട്ടി നേതൃത്വത്തിനുണ്ടാക്കിയ അസ്വസ്ഥത ചെറുതല്ല. സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീൻ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു എന്നിവർ ക്യാമ്പ് ചെയ്യുന്ന ഏരിയ കമ്മിറ്റിയാണ് കുന്നംകുളം.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനവും തേക്കിൻകാട് മൈതാനിയിൽ തൃശൂർ ഏരിയ കമ്മിറ്റിയിൽനിന്നുള്ളവർ മാത്രം പങ്കെടുക്കുന്ന പൊതുസമ്മേളനവുമാണ് നടക്കുക. എല്ലാ ഏരിയ അതിർത്തികളിലും എൽ.ഇ.ഡിയിൽ ഉദ്ഘാടന സമ്മേളനം പ്രദർശിപ്പിക്കാനാണ് തീരുമാനം. കോവിഡ് സാഹചര്യത്തിൽ കൂട്ടം ചേരുന്നത് ഒഴിവാക്കാനാണിത്.
മുഖ്യമന്ത്രി പങ്കെടുക്കാത്ത സാഹചര്യത്തിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കാണ് ചുമതല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്നതിൽ തീരുമാനമായിട്ടില്ല. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, മന്ത്രി കെ. രാധാകൃഷ്ണൻ, വനിത കമീഷൻ മുൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവരാണ് സമ്മേളനത്തിൽ മുഴുവൻ സമയം പങ്കെടുക്കുന്ന നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.