മുഖ്യമന്ത്രിയുടെ ജയിൽ സേവന പുരസ്കാര നിറവിൽ ജില്ല
text_fieldsമുഖ്യമന്ത്രിയുടെ ജയിൽ സേവന പുരസ്കാര നിറവിൽ ജില്ലതൃശൂർ: സേവന മികവിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം വാരിക്കൂട്ടി വിയ്യൂർ ജയിൽ ജീവനക്കാർ. 15 ജയിൽ സേവന പുരസ്കാരങ്ങളിൽ നാലെണ്ണവും ജില്ലയിലാണ്. വിയ്യൂരിലെ വനിത ജയിലിൽ ഗ്രേഡ് ഒന്ന് അസി. സൂപ്രണ്ടായ ഇ.എ. ഗീത, വിയ്യൂരിലെ അതിസുരക്ഷ ജയിലിലെ ഗ്രേഡ് രണ്ട് അസി. സൂപ്രണ്ടായ എസ്. മുഹമ്മദ് ഹുസൈൻ, പ്രിസൺ ഓഫിസർ എൽ. ശിവദാസ്, ചാവക്കാട് സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ എം.ഡി. ഫ്രാൻസിസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് അർഹമായത്.
ഏങ്ങണ്ടിയൂരിൽ താമസിക്കുന്ന ഗുരുവായൂർ സ്വദേശി ഇ.എ. ഗീത ഇരിങ്ങപുറത്ത് അപ്പുവിന്റെയും തങ്കയുടെയും മകളാണ്. ഭർത്താവ് എൻ.വി. ബൈജുരാജ് ഏങ്ങണ്ടിയൂർ സ്വദേശിയാണ്. മക്കൾ: സുഭഗ, വിഷ്ണു. ഇരിങ്ങാലക്കുട, മാനന്തവാടി, ഹോസ്ദുർഗ്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലെ ജയിലുകളിൽ ജോലി ചെയ്തിട്ടുണ്ട്.
പാലക്കാട് തേങ്കുറിശി കരയാംകുളം സ്വദേശിയായ എസ്. മുഹമ്മദ് ഹുസൈന് വിശിഷ്ട സേവനത്തിന് 16 ഗുഡ് സർവിസ് എൻട്രിയും ഒരു കാഷ് അവാർഡും മുമ്പ് ലഭിച്ചിട്ടുണ്ട്. യാസ്മിൻ ഹുസൈനാണ് ഭാര്യ. മക്കൾ: എം. റോസ്മിൻ, എം. റോഷൻ. സെൻട്രൽ സോൺ ഡി.ഐ.ജി ഓഫിസ്, വിയ്യൂർ സബ് ജയിൽ, വിയ്യൂർ ജില്ല ജയിൽ, കോട്ടയം ജില്ല ജയിൽ, കണ്ണൂർ സെൻട്രൽ ജയിൽ, കണ്ണൂർ ജില്ല ജയിൽ, വിയ്യൂരിലെ സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
20 വർഷത്തെ സർവിസിൽ 14 തവണ മികച്ച സേവനത്തിനുള്ള എൻട്രി ലഭിച്ചിട്ടുണ്ട് എം.ഡി. ഫ്രാൻസിസിന്. രണ്ടര വർഷത്തിലേറെയായി ചാവക്കാട് സബ് ജയിലിൽ ജോലി ചെയ്യുന്ന ഫ്രാൻസിസ് സർവിസ് തുടങ്ങുന്നത് വിയ്യൂർ സ്പെഷൽ സബ് ജയിലിലാണ്. ഗുരുവായൂരിനടുത്ത് മറ്റം സ്വദേശിയാണ്. ലിഷയാണ് ഭാര്യ. ഫ്രെജിത്ത് ഫ്രാൻസിസ്, മേരി ഇവാനിയ, മേരി ഏന്വിയ എന്നിവരാണ് മക്കൾ.
പാലക്കാട് നെന്മാറ കരിങ്കുളം എലവഞ്ചേരി സ്വദേശിയായ എൽ. ശിവദാസ്, ലക്ഷ്മണന്റെയും തങ്കത്തിന്റെയും മകനാണ്. 2000ലാണ് സർവിസിൽ പ്രവേശിച്ചത്. കണ്ണൂർ, മട്ടാഞ്ചേരി, എറണാകുളം, ഇരിങ്ങാലക്കുട, വിയ്യൂർ എന്നിവിടങ്ങളിലെ സബ്, ജില്ല, സെൻട്രൽ ജയിലുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിയാണ് ഭാര്യ. ശ്രേയ, സൗമ്യ എന്നിവർ മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.