കുട്ടികൾക്ക് പൊലീസാകണം; പൊലീസിനോ, കുട്ടിയായാൽ മതി
text_fieldsതൃശൂർ: നിങ്ങൾക്ക് വലുതാവുമ്പോൾ ആരാവണം...? തൃശൂർ സിറ്റി പൊലീസ് അഡീഷനൽ പൊലീസ് സൂപ്രണ്ട് വി.കെ. അബ്ദുൽ ഖാദറിെൻറ ചോദ്യത്തോട് പൊലീസായാൽ മതീന്ന് ഭൂരിഭാഗം പേരുടെയും ഉത്തരം.
പൊലീസ് മാമന് ആരാകാനാണ് ആഗ്രഹമെന്ന് കുട്ടിയുടെ മറുചോദ്യത്തിൽ ആദ്യം അമ്പരന്നെങ്കിലും 'ഞങ്ങൾക്ക് (പൊലീസിന്) കുട്ടികളാവാനാണ് ഇഷ്ടം. നിങ്ങളെ പോലെ കളിക്കാനും ചിരിക്കാനും കഴിയണം. കൂട്ടുകാരോടൊത്ത് കൂട്ടുകൂടാനും അവധിക്കാലം ആഘോഷിക്കാനും ഞങ്ങൾക്കും ഇഷ്ടമാണ്. അച്ഛനോടും അമ്മയോടുമൊപ്പം പുറത്തുപോയി കറങ്ങിനടക്കാൻ ഞങ്ങൾക്കും ഇഷ്ടമാണ്. ശരിക്കും പറഞ്ഞാൽ കുട്ടികളായിരിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം -എസ്.പി വി.കെ. അബ്ദുൽ ഖാദർ കുട്ടികളോട് പറഞ്ഞു.
ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിലാണ് കുട്ടികളും പൊലീസും തമ്മിലുള്ള സംവാദം നടന്നത്. കുട്ടികൾക്ക് പൊലീസിനെ ഇഷ്ടമാണ്. അവരുടെ ചിന്തകളും ആശയങ്ങളും അവർ പങ്കിട്ടു.
ആശയവിനിമയ പരിപാടിക്കുശേഷം വനിത പൊലീസുദ്യോഗസ്ഥർ കുട്ടികൾക്ക് സ്വയം പ്രതിരോധ രീതികളെക്കുറിച്ച് പരിശീലനം നൽകി. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ബി. ഷിജി, എസ്. ഷീജ, കെ.എൽ സിന്റി, പി.കെ. പ്രതിഭ എന്നിവരും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫിസർമാരായ സബ് ഇൻസ്പെക്ടർ കെ.വി. വിനയൻ, സീനിയർ സി.പി.ഒ കെ. സ്മിത, സി.വി. മിനി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.