ചാലക്കുടിയിൽ ‘ചിറക്’ വികസന പദ്ധതിക്ക് തുടക്കം
text_fieldsകൊരട്ടി: നമ്മുടെ നാട് ജീവിക്കാൻ പറ്റുന്നതാണെന്ന വിശ്വാസമുണ്ടാക്കിയാൽ പുതിയ തലമുറ ഇവിടം വിട്ടുപോകില്ലെന്നും അതിന് സൗകര്യമൊരുക്കുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടതെന്നും സംവിധായകൻ ലാൽ ജോസ്. ചാലക്കുടി മണ്ഡലത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ചിറക്’ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈ നാട് തങ്ങളുടെ മക്കൾക്ക് ജീവിക്കാൻ കൊള്ളാത്തതാണെന്ന് പരാതി പറയുന്ന ചില പ്രവാസികളുണ്ട്. എന്നാൽ, വിദേശത്തേക്ക് പോകും മുമ്പ് വർഷങ്ങളോളം അവർ ജീവിച്ചത് ഈ നാട്ടിലാണെന്ന് ഓർക്കണം. എന്നിട്ടും അപകടമൊന്നും ഉണ്ടായില്ലല്ലോ. നാട്ടിൽതന്നെ ജീവിക്കാൻ കഴിയാത്തത് വാസ്തവത്തിൽ അവരുടെ പരാജയമാണ്. വികസനം എന്നാൽ കോൺക്രീറ്റ് കെട്ടിടങ്ങളല്ലെന്നും ലാൽ ജോസ് പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, യുവജനക്ഷേമം, കല-കായികം, ആരോഗ്യം, സാമൂഹിക-സാംസ്കാരികം, തൊഴിൽ തുടങ്ങി സമഗ്ര മേഖലകളിലുമുള്ള വികസനോന്മുഖമായ ഇടപെടലാണ് ‘ചിറക്’ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്ന് അധ്യക്ഷത വഹിച്ച സനീഷ് കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു. ടി. സുരേഷ്കുമാർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ല പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് തച്ചുപറമ്പിൽ, വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, ഗ്രേസി സ്കറിയ, പോൾസി ജിയോ, പി.ടി.എ പ്രസിഡന്റ് കെ.ആർ. സുമേഷ്, വി.എ. സുഹൈൽ, പ്രോജക്ട് കോഓഡിനേറ്റർ അഖില, പ്രധാനാധ്യാപിക സിനു കുര്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.