ചിറങ്ങര മേൽപാലം; ലെവൽ ക്രോസ് അടക്കാൻ അനുമതി
text_fieldsകൊരട്ടി: ചിറങ്ങര റെയിൽവേ മേൽപാലം നിർമാണം പൂർത്തീകരണവുമായി ബന്ധപ്പെട്ട് ചിറങ്ങര ലെവൽ ക്രോസ് പൂർണമായി അടച്ചിടുന്നതിന് കലക്ടർ നിരാക്ഷേപ പത്രം പുറപ്പെടുവിച്ചു. പാലത്തിന്റെ തുടർ നിർമാണം സുഗമമാക്കാനായി ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനീയറുടെ ആവശ്യപ്രകാരമാണ് കലക്ടർ മുൻകൂറായി എൻ.ഒ.സി അനുവദിച്ചിരിക്കുന്നതെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. പാലം നിർമാണം റെയിൽവേ ലെവൽ ക്രോസിന്റെ ഇരുവശത്തും പൂർത്തിയായിട്ടുണ്ട്. ദേശീയ പാതയോരത്തുനിന്നും കൊരട്ടി ഭാഗത്തുനിന്നുമുള്ള രണ്ട് ഭാഗങ്ങളുടെ നിർമാണം മാസങ്ങൾക്കു മുമ്പ് പൂർത്തിയായിരുന്നു.
എന്നാൽ, പാളത്തിന് മുകളിൽ പാലം കൂട്ടിച്ചേർക്കുന്ന പ്രവൃത്തി താമസിച്ചിരുന്നു. ഈ ഭാഗത്ത് അവശേഷിക്കുന്ന രണ്ട് തൂണുകളും ഏകദേശം പൂർത്തിയായിട്ടുണ്ട്. പൈലിങ്ങിന്റെ ഭാഗമായി ലെവൽ ക്രോസ് ഭാഗികമായി അടഞ്ഞ നിലയിലാണ്. കാൽനട മാത്രമാണ് സാധ്യമായിരുന്നത്.
നിർമാണം നീളുന്നതിനാൽ വാഹനങ്ങൾ ചുറ്റിവളഞ്ഞ് വേണം യാത്രചെയ്യാൻ. വെസ്റ്റ് കൊരട്ടി, അന്നമനട, കാടുകുറ്റി മേഖലയിലേക്കും തിരിച്ചും ചിറങ്ങര റെയിൽവേ ഗേറ്റ് വഴി പോകേണ്ട നൂറുകണക്കിന് വാഹനയാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. 2022 ജനുവരിയിലാണ് കരാർ പ്രകാരം പണി പൂർത്തിയാവേണ്ടത്. തുടക്കത്തിൽ ആവേശത്തോടെ പ്രവൃത്തി നടന്നു. പിന്നീട് ഇഴഞ്ഞ് ഒരു വർഷം വൈകി. 2023 ജനുവരിയിൽ നിർമാണം പൂർത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.