ചിറങ്ങര റെയിൽവേ മേൽപാലം: തൂൺ നിർമാണം തുടങ്ങിയില്ല
text_fieldsകൊരട്ടി: ചിറങ്ങര റെയിൽവേ മേൽപാലത്തിന്‍റെ അവശേഷിക്കുന്ന രണ്ട് തൂണുകളുടെ നിർമാണം വൈകുന്നു. റെയിൽപ്പാളത്തിന്‍റെ ഇരുവശത്തുമുള്ള തൂണുകളുടെ പ്രവൃത്തിയാണ് ആരംഭിക്കാൻ വൈകുന്നത്. പാളത്തിനോട് ചേർന്നതായതിനാൽ റെയിൽവേ എൻജിനീയറിങ് വിഭാഗമാണ് നിർമിക്കാൻ നടപടിയെടുക്കേണ്ടത്.
റെയിൽപ്പാളം കടന്നുപോകുന്നതിന് തൊട്ടുമുകളിലെ പാലത്തിന്‍റെ കോൺക്രീറ്റിങ് റെയിൽവേയാണ് നടത്തേണ്ടത്. ഡിസംബറിൽ അത് പൂർത്തിയായില്ലെങ്കിൽ ജനുവരിയിൽ പാലം തുറന്നുകൊടുക്കാനാവില്ല. ജനുവരിയിലാണ് കരാർ പ്രകാരം പ്രവൃത്തി പൂർത്തിയാവേണ്ടത്.
റെയിൽപ്പാളത്തിന് ഇരുവശത്തെയും മറ്റ് തൂണുകൾ നേരത്തെ തന്നെ നിർമിച്ചിരുന്നു. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിർമാണമെന്ന സവിശേഷതയുണ്ട്. പാലത്തിൽ രണ്ട് ലൈൻ നടപ്പാതകളുണ്ട്. പൈൽ, പൈൽ ക്യാപ് എന്നിവ കോൺക്രീറ്റും പിയർ, പിയർ ക്യാപ്പ്, ഗാർഡർ എന്നിവ സ്റ്റീലിലും ഡെക്ക് സ്ലാബ് കോൺക്രീറ്റിലുമാണ് നിർമിക്കുന്നത്. ഇത്തരത്തിൽ ആദ്യമായി നിർമിക്കുന്ന മേൽപാലമാണിത്.
മേൽത്തട്ടിലെ കോൺക്രീറ്റിങ് പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇരുവശത്തും കോൺക്രീറ്റ് ഭിത്തി കെട്ടി മണ്ണിട്ട് അപ്രോച്ച് റോഡ് നിർമാണവും തിരക്കിട്ട് നടക്കുന്നുണ്ട്. 22.61 കോടി രൂപയാണ് നിർമാണച്ചെലവ്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലെപ്മെന്റ് കോർപറേഷനാണ് ചുമതല. നിർമാണം പൂർത്തിയാവുമ്പോൾ ചിറങ്ങര കവലയിൽനിന്ന് പടിഞ്ഞാറൻ മേഖലയിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും.
കൊരട്ടിയങ്ങാടി ഭാഗത്തേക്ക് ദേശീയപാതയിലൂടെയല്ലാതെ എത്തിച്ചേരാം. വെസ്റ്റ് കൊരട്ടി, അന്നമനട, കാടുകുറ്റി മേഖലയിലേക്കും തിരിച്ചും പോകുന്ന യാത്രക്കാർക്ക് ട്രെയിനുകൾ കടന്നുപോകാൻ കാത്തുകിടക്കേണ്ടി വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.