രണ്ടറ്റവും കൂട്ടിമുട്ടാതെ ചിറങ്ങര റെയിൽവേ മേൽപ്പാലം
text_fieldsകൊരട്ടി: രണ്ടറ്റവും കൂട്ടിമുട്ടാതെ ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നീളുന്നു. ദേശീയ പാതയോരത്തുനിന്നും കൊരട്ടി ഭാഗത്തുനിന്നുമുള്ള ഭാഗങ്ങളുടെ നിർമാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായതാണ്. എന്നാൽ, റെയിൽവേ പാളത്തിന് മുകളിൽ പാലം കൂട്ടിച്ചേർക്കാൻ അധികൃതർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. റെയിൽവേയുടെ ഭാഗത്തെ പ്രവൃത്തിയാണ് ബാക്കിയുള്ളത്.
ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ അവശേഷിക്കുന്ന രണ്ട് തൂണുകളുടെ നിർമാണത്തിന് പൈലിങ് ജോലികൾ ഇഴയുകയാണ്. 2022 ജനുവരിയിലാണ് കരാർ പ്രകാരം പാലത്തിന്റെ പണി പൂർത്തിയാവേണ്ടിയിരുന്നത്. എന്നാൽ, ഇത് ഒരു വർഷം വൈകി. കഴിഞ്ഞ ജനുവരിയിൽ ചിറങ്ങര മേൽപ്പാലം പൂർത്തിയാകുമെന്ന് കരുതിയിരുന്നു. എന്നാൽ, അഞ്ചു മാസമായി പാലത്തിന്റെ നിർമാണം മന്ദഗതിയിലാണ്.
എന്ന് പൂർത്തിയാകുമെന്ന അറിയാത്ത അവസ്ഥയാണ്. കൊരട്ടി ജങ്ങ്ഷനിലെ മേൽപ്പാലത്തിന്റെ അവസ്ഥ വരരുതെന്നാണ് ജനങ്ങളുടെ ആവശ്യം. 10 വർഷത്തിലേറെ സമയമെടുത്താണ് കൊരട്ടി ജങ്ഷനിലെ റെയിൽവേ മേൽപ്പാലം പൂർത്തിയായത്. പാലം നിർമാണത്തിലെ അനാസ്ഥക്കെതിരെ ജനങ്ങൾക്ക് പലവട്ടം സമരം ചെയ്യേണ്ടി വന്നിരുന്നു.
ചിറങ്ങരയിൽ പൈലിങ്ങിന്റെ ഭാഗമായി ലെവൽ ക്രോസ് പൂർണമായും അടഞ്ഞതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്. റോഡിന് നടുവിൽ തന്നെയാണ് മേൽപ്പാലത്തിന്റെ രണ്ട് തൂണുകൾ നിർമിക്കാൻ അടയാളപ്പെടുത്തിയിട്ടുള്ളത്. പുതിയ മേൽപ്പാലം പൂർത്തിയായാൽ മാത്രമേ ഇവിടെ സഞ്ചാരം സാധ്യമാകൂ.
പതിറ്റാണ്ടുകളായി വെസ്റ്റ് കൊരട്ടി, അന്നമനട, കാടുകുറ്റി മേഖലയിലേക്കും തിരിച്ചും ചിറങ്ങര റെയിൽവേ ഗേറ്റ് വഴിയാണ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയിരുന്നത്.
ദേശീയപാതയിലൂടെ തെക്കുനിന്ന് വരുന്നവർക്ക് കൊരട്ടി ജങ്ഷൻ ചുറ്റിവളയാതെ ചിറങ്ങര ഗേറ്റ് വഴി പോകാമെന്നതും സൗകര്യമായിരുന്നു. മേൽപ്പാലം പൂർത്തിയാവുന്നതോടെ ചിറങ്ങര കവലയിൽനിന്ന് പടിഞ്ഞാറൻ മേഖലയിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും. അവശേഷിക്കുന്ന ചെറിയ ജോലികൾ ചെയ്ത് ചിറങ്ങര മേൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.