ചൂണ്ടൽ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെച്ച് കൊല്ലാൻ തീരുമാനം
text_fieldsകേച്ചേരി: ചൂണ്ടൽ പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷിനാശം വരുത്തുന്നത് വ്യാപകമായതോടെ നായാട്ട് സംഘത്തെ പ്രയോജനപ്പെടുത്തി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തീരുമാനം. പഞ്ചായത്ത് തലത്തിൽ നടന്ന കർഷക കൂട്ടായ്മ യോഗമാണ് തീരുമാനമെടുത്തത്. ചൊവ്വാഴ്ച മുതൽ തീരുമാനം നടപ്പാക്കും.
കൊല്ലുന്ന പന്നികളെ കുഴിച്ചു മൂടും. ചൂണ്ടൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന പഞ്ചായത്തിലെ കർഷകരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര, സംസ്ഥാന കൃഷിമന്ത്രിമാർക്ക് നിവേദനം നൽകും. കൃഷി ഇൻഷൂർ ചെയ്യുന്നതിന് ബോധവത്കരണ പരിപാടികൾ നടത്തും.
18 വാർഡുകളിലും കർഷകരുടെയും ജനപ്രതിനിധികളുടെയും സംയുക്ത ജാഗ്രത സമിതികൾ രൂപവത്കരിക്കും. കൃഷിയോഗ്യമല്ലാത്ത പറമ്പുകളിലെ പൊന്തക്കാട് വെട്ടി മാറ്റുന്നതിന് പഞ്ചായത്ത് നിയമ നടപടി സ്വീകരിക്കും. പഞ്ചായത്തും കൃഷിഭവനും വനം വകുപ്പും കർഷകരും നാട്ടുകാരും യോജിച്ച പ്രവർത്തനം ആരംഭിക്കാനും യോഗം തീരുമാനിച്ചു
പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ സുനിത ഉണ്ണികൃഷ്ണൻ, ജൂലറ്റ് വിനു, കൃഷി ഓഫിസർ സി. റിജിത്ത്, എം.ബി. പ്രവീൺ, ടി.പി. റാഫേൽ, പഞ്ചായത്ത് അംഗങ്ങളായ ആന്റോ പോൾ, അഞ്ജു പ്രേമ ദാസ്, ടി.പി. പ്രജീഷ്, ധനേഷ് ചുള്ളിക്കാട്ടിൽ, എൻ.എസ്. ജിഷ്ണു, നാൻസി ആന്റണി എന്നിവർ സംസാരിച്ചു. പന്നികൾ വ്യാപക കൃഷി നാശം വരുത്തി ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കിയിട്ടുള്ളന്നതെന്ന് യോഗം വിലയിരുത്തി. നെൽ കർഷകർക്ക് പുറമെ ഇഞ്ചി, മഞ്ഞൾ, കൊള്ളി, കുരുമുളക്, ചേമ്പ്, ചേന കർഷകർക്കും കനത്ത നഷ്ടമുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.