ദു:ഖാചരണം കണക്കിലെടുക്കാതെ കോൺഗ്രസ് കൗൺസിലർമാരുടെ ക്രിസ്മസ് ആഘോഷം
text_fieldsതൃശൂർ: കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൂടിയായ പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിലെ ദുഃഖാചരണം നിലനിൽക്കെ ക്രിസ്മസ് ആഘോഷിച്ച് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ.
കോർപറേഷൻ ആസ്ഥാനത്ത് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ മുൻ മേയറും ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലെൻറ മുറിയിലാണ് വ്യാഴാഴ്ച രാവിലെ പാർലമെന്ററി പാർട്ടി യോഗത്തിന് മുമ്പ് കേക്ക് മുറിച്ചും കൈക്കൊട്ടിപ്പാട്ട് പാടിയും മറ്റും ആഘോഷം നടത്തിയത്. മൃതദേഹം ചിതയിലെടുക്കും മുമ്പേയായിരുന്നു ആഘോഷം.
പാർട്ടി മൂന്ന് ദിവസത്തേക്ക് ദുഃഖാചരണം നിർദേശിച്ചത് ചിലർ ചൂണ്ടിക്കാണിച്ചെങ്കിലും ഇത് അവഗണിച്ചായിരുന്നു ആഘോഷം. കൗൺസിലർമാരിൽ ചിലർ മൊബൈലിൽ എടുത്ത ആഘോഷത്തിെൻറ ചിത്രം പുറത്ത് വിട്ടതോടെയാണ് ചർച്ചയായത്.
ഇതോടെ കെ.പി.സി.സി നേതൃത്വം ഡി.സി.സിയോട് വിശദീകരണം തേടി. രാജൻ പല്ലനിൽ നിന്നും കൗൺസിലർമാരിൽ നിന്നും വിശദീകരണം തേടുമെന്നാണ് ജില്ല നേതാക്കൾ പറയുന്നത്. കൗൺസിലർമാരിൽ നിന്ന് ഒപ്പ് വെച്ച് മാപ്പപേക്ഷ നൽകി നടപടിയൊഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുതിർന്ന നേതാവിൽ നിന്നുതന്നെ ഇത്തരം സമീപനമുണ്ടായത് അംഗീകരിക്കാവുന്നതല്ലെന്നും നടപടി വേണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.