സാധനങ്ങളില്ലാതെ ക്രിസ്മസ് ചന്ത
text_fieldsതൃശൂർ: സപ്ലൈകോ ക്രിസ്മസ് ചന്ത ആരംഭിച്ചുവെങ്കിലും സാധനങ്ങളില്ലാത്തതിനാൽ ഉദ്ഘാടനത്തിനെത്തിയ എം.എൽ.എയും മേയറും ചടങ്ങ് നടത്താതെ മടങ്ങി. ക്രിസ്മസ് ചന്ത ആരംഭിക്കുന്നെന്ന് വൻതോതിൽ പ്രചാരണം നടത്തിയിരുന്നതിനാൽ നിരവധിയാളുകൾ രാവിലെ തന്നെ എത്തിയിരുന്നു. വടക്കേ സ്റ്റാൻഡിൽ പള്ളിത്താമം കോമ്പ്ളക്സിനോട് ചേർന്ന് സപ്ലൈകോ ക്രിസ്മസ് ചന്ത ഒരുക്കിയിരുന്നത്. ഉദ്ഘാടന വേദിയടക്കം സജ്ജമാക്കിയിരുന്നു. രാവിലെ പത്തോടെ പരിപാടിക്കായി ആദ്യമെത്തിയത് മേയർ എം.കെ. വർഗീസായിരുന്നു.
വെയിലത്ത് ആൾക്കാരുടെ വരി കണ്ടതോടെ മേയർ ഇടപെട്ടു. വരി പന്തലിലേക്ക് തണലിലേക്കും മാറ്റി. ചടങ്ങിന് മുമ്പേ തന്നെ വിൽപന തുടങ്ങാനും നിർദേശിച്ചു. ഇതോടെ ടോക്കൺ സംവിധാനത്തിലൂടെ ആവശ്യക്കാരെ കടത്തി വിട്ടു. എന്നാൽ പുറത്തേക്ക് വന്നവർ സാധനങ്ങളില്ലെന്ന് പരാതിപ്പെട്ടതോടെ ആളുകൾ തർക്കത്തിലും പ്രതിഷേധത്തിലുമായി. ഇതോടെ എം.എൽ.എയും മേയറും ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിച്ചു.
13 ഇനം സബ്സിഡി ഇനങ്ങളിൽ രണ്ടെണ്ണം മാത്രമേ എത്തിയിട്ടുള്ളൂവെന്നും അടുത്ത ദിവസം മുഴുവൻ സാധനങ്ങളും എത്തുമെന്നും അധികൃതർ മേയറെ അറിയിച്ചു. ഇതോടെ സാധനങ്ങളില്ലാതെ എന്ത് ഉദ്ഘാടനമെന്ന് രോഷം കൊണ്ട മേയർ പിന്നാലെയെത്തിയ എം.എൽ.എയെ കാര്യങ്ങൾ ധരിപ്പിച്ചതോടെ പരിപാടികൾ ഒഴിവാക്കി ഇരുവരും മടങ്ങി. അടിയന്തരമായി സാധനങ്ങൾ എത്തിക്കാനുള്ള നടപടികൾക്കും അധികൃതർക്ക് നിർദേശം നൽകി. സബ്സിഡി ഇനങ്ങളിൽ മല്ലിയും ചെറുപയറും മാത്രമെ ഇവിടെയുള്ളൂവെന്നാണ് ഉപഭോക്താക്കൾ പറഞ്ഞത്. എന്നാൽ വെളിച്ചെണ്ണ, അരി എന്നിവയും ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
സാധനങ്ങളെത്താത്തത് കുടിശ്ശിക കാരണം -സപ്ലൈകോ
തൃശൂർ: ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാതെ മേയറും എം.എൽ.എയും മടങ്ങിയതിൽ വിശദീകരണവുമായി സപ്ലൈകോ. എം.എൽ.എയും മേയറും ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതല്ലെന്നും ഫെയറിലേക്ക് കൂടുതൽ സബ്സിഡി സാധനങ്ങൾ എത്തിക്കാൻ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ മേഖല മാനേജർ വിശദീകരിച്ചു. സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മൂലം വിതരണക്കാർക്ക് നൽകാനുള്ള തുക കുടിശ്ശികയായതിനാലാണ് പർച്ചേസ് ഓർഡർ ആയിട്ടും വിതരണക്കാർ സബ്സിഡി സാധനങ്ങൾ ഫെയർ ഉദ്ഘാടനത്തിന് മുമ്പ് എത്തിക്കാതിരുന്നത്.
വിതരണക്കാർക്ക് കുടിശ്ശിക തുക ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച മുതൽ സാധനങ്ങൾ തടസം കൂടാതെ എത്തിത്തുടങ്ങിയെന്നും അറിയിച്ചു. എം.എൽ.എയും മേയറും ഉദ്ഘാടനം ചെയ്തെന്നോ ചെയ്തില്ലെന്നോ വിശദീകരിക്കാതെയാണ് വാർത്തക്കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.