സിവിൽ സർവിസ് റാങ്ക് തിളക്കത്തിൽ ജില്ല; 66ാം റാങ്കിൽ അഖിൽ വി. മേനോൻ, 431ാം റാങ്ക് നേടി നിരഞ്ജന
text_fieldsതൃശൂർ: സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് തിളക്കത്തിൽ ജില്ലയും. രണ്ട് റാങ്കുകളാണ് ജില്ലയെ തേടിയെത്തിയത്. 66ാം റാങ്ക് നേടി ഇരിങ്ങാലക്കുട സ്വദേശി അഖിൽ വി. മേനോനും 431ാം റാങ്ക് നേടി തൃശൂർ നെല്ലങ്കര സ്വദേശി നിരഞ്ജനയുമാണ് റാങ്ക് ജേതാക്കൾ. ആദ്യ നൂറിൽ ഒമ്പത് മലയാളികൾ മാത്രം ഉൾപ്പെട്ടപ്പോൾ അതിൽ ഒന്ന് തൃശൂരിലാണെന്നതും ആഹ്ലാദകരമായി.
ഇരിങ്ങാലക്കുട കിട്ടമേനോൻ റോഡിൽ വണ്ണാത്തിക്കുളം ഗോവിന്ദം വീട്ടിൽ ഇടയ്ക്കാട്ടിൽ വിപിൻ മേനോന്റെയും ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകനാണ് അഖിൽ വി. മേനോൻ. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലായിരുന്നു സ്കൂൾ പഠനം. പ്ലസ് ടു പഠനത്തിന് ശേഷം എറണാകുളത്തെ നിയമകലാശാലയിൽനിന്ന് എൽ.എൽ.ബി നേടിയാണ് സിവിൽ സർവിസ് ശ്രമം. മൂന്നാം തവണയാണ് സിവിൽ സർവിസ് എഴുതുന്നത്.
2019ലാണ് ആദ്യമായി എഴുതുന്നത്. രണ്ട് തവണയും പ്രിലിമിനറിയിൽ തന്നെ പരാജയപ്പെട്ടുവെങ്കിലും സിവിൽ സർവിസ് നേടുമെന്ന ഉറച്ച തീരുമാനത്തിലാണ് മൂന്നാംതവണയെഴുതിയത്. കഴിഞ്ഞ വർഷം കെ.എ.എസിൽ (കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസ്) ആറാം റാങ്ക് ലഭിച്ചിരുന്നു. അതിന്റെ പരിശീലനത്തിനിടയിലാണ് സിവിൽ സർവിസ് പരിശീലനവും പരീക്ഷയുമെഴുതിയത്. തീവ്രശ്രമത്തിനുള്ള ഫലം ഉണ്ടായതിന്റെ ആഹ്ലാദത്തിലാണ് അഖിൽ. സിവിൽ സർവിസ് ഫലം പ്രഖ്യാപിക്കുമ്പോൾ കെ.എ.എസ് പരിശീലനത്തിന്റെ ഭാഗമായി ആലപ്പുഴയിലായിരുന്നു അഖിൽ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാട്ടൂർ ശാഖ മാനേജർ അശ്വതി സഹോദരിയാണ്.
431ാം റാങ്ക് നേടിയ നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ കൃഷ്ണപ്രഭയില്‍ എം. നിരഞ്ജന ഇ.എസ്.ഐ.സി.യില്നിന്ന് ബ്രാഞ്ച് മാനേജരായി വിരമിച്ച കെ.കെ. മോഹനന്റെയും ഏജീസ് ഓഫിസില്‍നിന്ന് അക്കൗണ്ട് അസി. ഓഫിസറായി വിരമിച്ച കെ.വി. ശാരദയുടെയും മകളാണ്. കുറ്റുമുക്ക് സന്ദീപനി വിദ്യാനികേതനിലാണ് സ്കൂള്‍ പഠനം. കുസാറ്റില്‍നിന്ന് ബി.ടെക് (സിവില്‍) പഠനത്തിനു ശേഷമാണ് സിവില്‍ സര്‍വിസ് പരീക്ഷക്കൊരുങ്ങിയത്. തിരുവനന്തപുരത്താണ് പരിശീലനം നടത്തിയത്. മൂന്നാംതവണ എഴുതിയ പരീക്ഷയിലാണ് വിജയം സ്വന്തമാക്കിയത്. മിഥുന് കൃഷ്ണയാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.