ഡി.സി.സി പ്രസിഡൻറ് പദവിക്ക് അവകാശവാദം മുറുകുന്നു
text_fieldsതൃശൂർ: ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് ഗ്രൂപ്പുകളുടെ അവകാശവാദങ്ങൾ മുറുകുന്നു. മുതിർന്ന നേതാവ് ടി.വി. ചന്ദ്രമോഹൻ, കെ.പി.സി.സി െസക്രട്ടറി ജോസ് വള്ളൂർ, കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ എന്നിവരാണ് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ പ്രധാനമെങ്കിലും ചന്ദ്രമോഹനനാണ് കൂടുതൽ സാധ്യത. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ നിർദേശിക്കുന്നത് ജോസ് വള്ളൂരിനെയാണെങ്കിലും എതിർപ്പുമായി എ ഗ്രൂപ്പിനൊപ്പം ഐ ഗ്രൂപ്പുമുണ്ട്. ജോസ് വള്ളൂർ ഇപ്പോൾ കെ. സുധാകരനൊപ്പമാണെന്നതാണ് എതിർപ്പിനുള്ള കാരണം.
മത്സരിച്ച് തോറ്റവരെ പ്രസിഡൻറാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. വടക്കാഞ്ചേരിയിൽ പരാജയപ്പെട്ട അനിൽ അക്കര ഡി.സി.സി പ്രസിഡൻറ് പദവിക്ക് ശ്രമിക്കുന്നതായി പ്രചരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഗ്രൂപ് ഭേദമില്ലാതെ മത്സരിച്ച് പരാജയപ്പെട്ടവരെ പ്രസിഡൻറാക്കരുതെന്ന വാദമുയർത്തിയത്. എ ഗ്രൂപ്പിൽനിന്ന് ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നീ േപരുകളാണ് യുവതലമുറ ഉയർത്തുന്നത്. ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയും കെ. മുരളീധരനും ചന്ദ്രമോഹനെൻറ പേരാണ് നിർദേശിച്ചിട്ടുള്ളത്.
ടി.എൻ. പ്രതാപൻ എം.പി വിൻസെൻറിെൻറയും ജോസഫ് ടാജറ്റിെൻറയും പേര് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ ഡി.സി.സി പ്രസിഡൻറുമാരെയും മാറ്റുമ്പോൾ തൃശൂരിൽ മാത്രം നിലനിർത്താനാവില്ലെന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡൻറ്. വിൻസെൻറ് ചുമതലയേറ്റ ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ജില്ലയിൽ കനത്ത തിരിച്ചടിയാണ് പാർട്ടിയും മുന്നണിയും നേരിട്ടതെന്നും സംഘടനാപരമായ ദൗർബല്യം പരിഹരിക്കാൻ കഴിയുന്നില്ലെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
മുൻ എം.എൽ.എയും ഐ ഗ്രൂപ്പുകാരനുമായ ടി.യു. രാധാകൃഷ്ണൻ പദവിക്കായി ശ്രമം നടത്തുന്നുണ്ട്. മുതിർന്ന നേതാവും ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോവാനും കഴിയുന്നയാളാണെന്ന പ്രത്യേകതയാണ് ചന്ദ്രമോഹന് സാധ്യത കൂട്ടുന്നത്. എന്നാൽ, പാടെ തകർന്നുകിടക്കുന്ന സംവിധാനത്തിൽ സംഘടനയെ ശക്തിപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും ഇതിന് ചന്ദ്രമോഹനന് കഴിയില്ലെന്നും എതിർക്കുന്നവർ പറയുന്നു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും െക. മുരളീധരനും ചന്ദ്രമോഹനനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. പ്രസിഡൻറ് പദവി ഏറ്റെടുക്കാൻ നിർദേശം നൽകിയെന്നാണ് സൂചന. കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദും ചന്ദ്രമോഹനന് പിന്തുണ അറിയിച്ചിട്ടുണ്ട്. പിടിച്ചുനിൽക്കാൻ നിരന്തരം പരിപാടികൾ സംഘടിപ്പിച്ച് എം.പി. വിൻസെൻറ് സജീവമാണെങ്കിലും ഫലം കാണുന്ന കാര്യം സംശയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.