തൃശൂർ ഡി.സി.സിയിലെ കൂട്ടത്തല്ല്; പ്രസിഡന്റ് ഉൾപ്പെടെ 20 പേർക്കെതിരെ കേസ്
text_fieldsതൃശൂർ: ഡി.സി.സി ഓഫിസിൽ വെള്ളിയാഴ്ചയുണ്ടായ കൂട്ടത്തല്ലിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. മർദനമേറ്റ് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ, കെ. മുരളീധരന്റെ അനുയായി ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘംചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഡി.സി.സി ഓഫിസിൽവെച്ച് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ച് സജീവൻ കുരിയച്ചിറ ഓഫിസിൽ പ്രതിഷേധിച്ചിരുന്നു. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഓഫിസിന് മുന്നിലും മറ്റും പോസ്റ്ററുകൾ പതിച്ചത് താനാണെന്ന് പറഞ്ഞ് ജോസ് വള്ളൂർ അനുകൂലികൾ ആക്രമിച്ചെന്നായിരുന്നു സജീവന്റെ ആരോപണം.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിൽ കൈയാങ്കളിയായി. ഇതിനിടെ സജീവൻ ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘർഷത്തിന് പിന്നാലെ ഓഫിസ് സന്ദർശിച്ച മുൻ എം.എൽ.എ പി.എ. മാധവൻ അനുനയിപ്പിച്ചാണ് സജീവനെ പ്രതിഷേധം അവസാനിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. സംഘർഷത്തിൽ കെ.പി.സി.സി നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാണെന്നും മാധവൻ പറഞ്ഞു.
ഡി.സി.സിക്ക് താൽക്കാലിക ചുമതലക്കാരൻ വന്നേക്കും
തൃശൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ ദയനീയ തോൽവിയിൽ ഉത്തരംമുട്ടി നിൽക്കുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് വീണ്ടും തലവേദനയായി ഡി.സി.സി ഓഫിസിൽ നടന്ന കൈയാങ്കളിയിലും പ്രസിഡന്റ് ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്ത സംഭവത്തിലും ഇടപെടൽ അനിവാര്യമായ അവസ്ഥയിൽ പാർട്ടി സംസ്ഥാന, ദേശീയ നേതൃത്വം.
സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന പ്രസിഡന്റ് കെ. സുധാകരനും ഡൽഹിയിൽ നടത്തിയ ചർച്ചയിൽ തൃശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡി.സി.സിക്ക് തൽക്കാലം പകരക്കാരനെ നിയോഗിക്കാൻ ധാരണയായതായാണ് സൂചന. ചാലക്കുടി എം.പി ബെന്നി ബഹനാൻ, ജില്ലയിലെ മുതിർന്ന നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ എന്നിവരാണ് പരിഗണനയിലുള്ളത്.
തൃശൂരിലെ കോൺഗ്രസിൽ പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ, അനിൽ അക്കര, എം.പി. വിൻസെന്റ് എന്നിവർക്കെതിരെ വലിയ ചേരി രൂപപ്പെട്ടിട്ടുണ്ട്. പ്രതാപനും അനിൽ അക്കരയും രാഹുൽ ഗാന്ധിയുടെ അടുത്ത ആളുകളെന്ന് അവകാശപ്പെട്ട് എല്ലാവരെയും വരുതിയിൽ നിർത്തുകയായിരുന്നുവെന്ന ആക്ഷേപം നേരത്തേയുള്ളതാണ്.
ഐ ഗ്രൂപ്പിൽനിന്ന് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ ആളായാണ് ഡി.സി.സി പ്രസിഡന്റ് നിലനിൽക്കുന്നത്. അതിനിടെ, ഇനിയും സംഘർഷം ഉണ്ടാകാതിരിക്കാൻ ഇരു വിഭാഗവുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.
സജീവനും കൂട്ടരും മദ്യപിച്ചെത്തി അഴിഞ്ഞാടിയെന്ന് ഡി.സി.സി
തൃശൂർ: ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയും അനുയായികളും മദ്യപിച്ചെത്തി ഡി.സി.സി ഓഫിസിൽ അഴിഞ്ഞാടിയെന്നും അവരുടെ ക്രൂരമർദനമേറ്റ കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം സി.വി. വിമലും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഓഡിനേറ്റർ പഞ്ചു തോമസും ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള വിശദീകരണവുമായി ജില്ല കോൺഗ്രസ് കമ്മിറ്റി.
മദ്യപിച്ച് എത്തിയ സജീവന്റെ നേതൃത്വത്തിൽ ഡി.സി.സി സെക്രട്ടറി എം.എൽ. ബേബി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബിമോൻ, ജില്ല സെക്രട്ടറി അഖിൽ ബാബുരാജ്, ബൈജു പുത്തൂർ, നിഖിൽ ജോൺ, സുരേഷ്, സുനോജ് തമ്പി തുടങ്ങിയവരാണ് വെള്ളിയാഴ്ച വൈകീട്ട് ഡി.സി.സി ഓഫിസിലെത്തി മർദനം അഴിച്ചുവിട്ടത്.
യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഫിസിൽ ഉണ്ടായിരുന്ന വിമലിനെയും പഞ്ചു തോമസിനെയും പ്രകോപനമില്ലാതെയാണ് മർദിച്ചതെന്നും പറയുന്നു. വെള്ളിയാഴ്ച വൈകീട്ടുണ്ടായ സംഭവങ്ങൾക്ക് ശനിയാഴ്ച വൈകീട്ടോടെയാണ് ഡി.സി.സി ഈ വിശദീകരണം ഇറക്കിയത്.
നാലാം ദിവസവും പോസ്റ്റർ
തൃശൂർ: ഡി.സി.സി ഓഫിസിൽ കൂട്ടത്തല്ലിലേക്ക് നയിച്ച് പോസ്റ്റർ പതിക്കൽ തുടരുന്നു. ശനിയാഴ്ചയും ജില്ല കോൺഗ്രസ് നേതൃത്വത്തിൽ ചിലർക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെന്റിനും അനിൽ അക്കരക്കുമെതിരെയാണ് പോസ്റ്റർ. ‘അനിൽ അക്കരയെ വിളിക്കൂ, കോൺഗ്രസിനെ ഒറ്റിക്കൊടുക്കൂ’, ‘എം.പി. വിൻസെന്റ് യു.ഡി.എഫ് ചെയർമാൻ സ്ഥാനം ഒഴിയുക’ എന്നീ ആവശ്യങ്ങളാണ് തൃശൂർ പ്രസ് ക്ലബിന് മുന്നിൽ പതിച്ച പോസ്റ്ററിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.