അന്തിക്കാട് കോൺഗ്രസിൽ പോര് മൂത്തു
text_fieldsഅന്തിക്കാട്: അന്തിക്കാട് കോൺഗ്രസിലെ ഗ്രൂപ്പുപോര് മറ നീക്കി വീണ്ടും പുറത്തേക്ക്. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുതലയേൽക്കൽ ചടങ്ങിൽനിന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ള എ ഗ്രൂപ്പുകാർ വിട്ടുനിന്നതോടെ കലഹം രൂക്ഷമായി.
ഡി.സി.സി പ്രസിഡന്റിന്റെ തട്ടകംകൂടിയായ അന്തിക്കാട് പാർട്ടിയിലെ ഗ്രൂപ്പിസം പരിഹരിക്കാനാവാത്ത ആൾക്ക് എങ്ങനെയാണ് ജില്ലയിലെ പാർട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുപോവാനാവുകയെന്ന ചോദ്യമാണ് എ ഗ്രൂപ് ഉയർത്തുന്നത്. എ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സ്ഥാനം ഏകപക്ഷീയമായി ഐ ഗ്രൂപ്പിന് കൈമാറിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്. പ്രസിഡന്റായിരുന്ന ഷേർളി ജേക്കബ് പ്രമുഖ ഐ ഗ്രുപ് നേതാവുമായുള്ള തർക്കത്തെ തുടർന്ന് പാർട്ടി വിട്ടതോടെയായിരുന്നു ഒഴിവ് വന്നത്.
എ ഗ്രൂപ് നേതാക്കളുമായി കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി ഐ ഗ്രൂപ് നോമിനിയായ റസിയ ഹബീബിനെ പ്രസിഡന്റ് ആക്കിയെന്നാണ് എ ഗ്രൂപ് ആക്ഷേപം.
ഐ ഗ്രൂപ്പുകാരനായ ഡി.സി.സി പ്രസിഡന്റിന്റെ ഇടപെടലാണ് പിന്നിലെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ, കെ.പി.സി.സി മുൻ സെക്രട്ടറി എം.ആർ. രാമദാസ്, ഗൗരി ബാബു മോഹൻദാസ്, അശ്വിൻ ആലപ്പുഴ, ബിജേഷ് പന്നിപ്പുല്ലത്ത്, ഇ. രമേശൻ, രഘു നല്ലയിൽ, ഷൈൻ പള്ളി പറമ്പിൽ, സന്ദീപ് ബാബു മോഹൻദാസ്, വത്സല കുട്ടൻ, ഷാനവാസ് അന്തിക്കാട് തുടങ്ങിയ നേതാക്കളാണ് ചുമതലയേൽക്കൽ സ്വീകരണ യോഗത്തിൽ പങ്കെടുക്കാതെ മാറി നിന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മഹിള കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കില്ലെന്ന് എ ഗ്രുപ് നേതാക്കൾ തുറന്നടിച്ചു.
രണ്ട് വിഭാഗങ്ങളായി നിന്നിരുന്ന എ ഗ്രൂപ്പ് വിഷയത്തിൽ ഒന്നിച്ചതോടെ അന്തിക്കാട് പാർട്ടിക്കുള്ളിൽ എ, ഐ. ചേരിപ്പോര് ശക്തമാകുന്നെന്ന അവസ്ഥയായി. അതേസമയം, അന്തിക്കാട്ടെ മഹിള കോൺഗ്രസിന് ഇനി പുതിയ നേതൃത്വമാണെന്ന് ഐ വിഭാഗം പ്രഖ്യാപിച്ചു. മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റായി റസിയ ഹബീബ് ചുമതലയേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശാന്ത സോളമൻ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. സുരജ വിബിൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.ബി. രാജീവ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീർ പാടൂർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കിരൺ തോമസ്, ഐ.ൻ.ടി.യു.സി മണ്ഡലം ചെയർമാൻ സാജൻ ഇയ്യാനി, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എം.ബി. സജീവൻ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. എം.പി. വത്സല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.