തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ സംഘട്ടനം; 12 പേർക്ക് പരിക്ക്
text_fieldsതൃശൂര്‍: ഗവ. എന്‍ജിനീയറിങ് കോളജില്‍ എം.എസ്.എഫ് -കെ.എസ്.യു വിഭാഗം ഒരു ഭാഗത്തും എസ്.എഫ്.ഐ മറുഭാഗത്തുമായി ചേരിതിരിഞ്ഞ് സംഘട്ടനം. ഇരുവിഭാഗങ്ങളിലായി 12 വിദ്യാർഥികൾക്ക് പരിക്ക്. വടി ഉപയോഗിച്ച് നടന്ന ആക്രമണത്തില്‍ പലര്‍ക്കും തലക്കും കൈക്കും കാലിനും പുറത്തും പരിക്കേറ്റു.
തിങ്കളാഴ്ച നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കാമ്പസില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെയായിരുന്നു സംഘട്ടനം. എം.എസ്.എഫ്- കെ.എസ്.യു പ്രവര്‍ത്തകര്‍ രാവിലെ തോരണങ്ങള്‍ കെട്ടിയതിനെത്തുടർന്നുണ്ടായ വാക്തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
മാരകായുധങ്ങളുമായി മറുവിഭാഗം മർദിച്ചെന്ന് ഇരുവിഭാഗവും ആരോപിച്ചു. ഉച്ചക്ക് ഒന്നരയോടെ ആദ്യഘട്ട സംഘട്ടനത്തിന് ശേഷം കൂടുതൽ പ്രവർത്തകരോടെയെത്തി തമ്പടിച്ചതിനെത്തുടർന്ന് വൈകാതെ രണ്ടാംഘട്ട സംഘട്ടനവും നടന്നു. എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ആഫീഫ് (22), ഭാരവാഹികളായ നിഹാല്‍ (20), ജാഷിദ് (22), കെ.എസ്.യു പ്രവര്‍ത്തകരായ ആദില്‍ (20), റിഷാന് (20), പര്‍വേഷ് ഷാന്‍ (21) എന്നിവരെ പരിക്കേറ്റതായി ആരോപിച്ച് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരായ ആറുപേരെ കോഒാപറേറ്റിവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എം.എസ്.എഫ്- കെ.എസ്.യു പ്രവര്‍ത്തകരെ മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ പി.കെ. ഷാഹുല്‍ ഹമീദ്, എം.എ. റഷീദ്, എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി ആരിഫ് പാലയൂര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.ജെ. ജഫീക്, മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി സുല്‍ത്താന്‍ ബാബു, എം.എസ്.എഫ് നേതാക്കളായ ഷംനാദ് പള്ളിപ്പാട്ട്, അസ്ലം കടലായി എന്നിവര്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.