നിരോധനം ലംഘിച്ച് മത്സ്യം ഇറക്കിയതിനെ ചൊല്ലി കുന്നംകുളം നഗരസഭ കൗൺസിലിൽ ബഹളം
text_fieldsകുന്നംകുളം: നഗരസഭ തുറക്കുളം മാർക്കറ്റിൽ അനധികൃതമായി മത്സ്യം ഇറക്കുന്നത് ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്തത് കൗൺസിൽ യോഗത്തിൽ തർക്കം.
കഴിഞ്ഞ മാസം 25ന് രാത്രി ഉണ്ടായ സംഭവത്തെയാണ് ആർ.എം.പി - കോൺഗ്രസ് അംഗങ്ങൾ ചോദ്യം ചെയ്തത്. പോലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേർന്നാണ് പിടികൂടിയത്. എന്നാൽ നഗരസഭ ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെന്നായിരുന്നു ആർ.എം.പി അംഗങ്ങളുടെ കുറ്റപ്പെടുത്തൽ. മത്സ്യം ഇറക്കിയ കമീഷൻ ഏജൻറുമാരോട് ഭരണസമിതി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് ആർ.എം.പി അംഗം കെ.എ. സോമൻ കുറ്റപ്പെടുത്തി.
മത്സ്യം പിടിച്ചെടുത്തത് സംബന്ധിച്ച് നടപടിയെക്കുറിച്ച് അടുത്ത കൗൺസിലിൽ പറയാമെന്ന ചെയർപേഴ്സെൻറ മറുപടിയിൽ തൃപ്തരാകാതെ ആർ.എം.പി അംഗങ്ങൾ പ്രതിഷേധവുമായി ചെയർപേഴ്സെൻറ ഡയസിനു മുന്നിലെത്തി. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ഡയസിനു മുന്നിൽ കൂട്ടം കൂടരുതെന്നും യോഗം നടത്തികൊണ്ടുപോകാൻ കഴിയില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു. ഇതോടെ സീറ്റിൽ ചെന്നിരുന്നാൽ മാത്രമേ മറുപടി പറയൂവെന്നായി ഭരണകക്ഷി അംഗങ്ങൾ.
പിന്നീട് പ്രതിഷേധക്കാർ സീറ്റുകളിലിരുന്നു. മത്സ്യ മാർക്കറ്റിലെ കുറ്റക്കാരിൽ നിന്ന് പൊലീസ് പിഴ ഈടാക്കിയതായി ചെയർപേഴ്സൻ വ്യക്തമാക്കി. തുറക്കുളം മാർക്കറ്റിൽ ഫീസ് പിരിക്കാൻ കരാറുകാരനെ സമ്മതിക്കുന്നില്ലെന്ന് സോമൻ ആരോപിച്ചു. എന്നാൽ, കമീഷൻ ഏജൻറുമാർ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ നഗരസഭക്ക് ഇടപ്പെടാൻ കഴിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.
ആലത്തൂർ വാർഡിലെ അഞ്ഞൂർ മഹിള സമാജം സ്ഥിതി ചെയ്യുന്ന മൂന്ന് സെൻറ് സ്ഥലം അംഗൻവാടിക്ക് വേണ്ടി നഗരസഭക്ക് വിട്ടുതരാമെന്ന കത്ത് സംബന്ധിച്ച അജണ്ട മാറ്റി വെച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി.
അംഗൻവാടിയിലേക്കുള്ള പോഷകാഹാരം വടക്കാഞ്ചേരി സർവിസ് സഹകരണ സംഘം മുഖേന ഇനി വിതരണം ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു.
യോഗത്തിൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, ഷാജി ആലിക്കൽ കെ.കെ. മുരളി, ബിനീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.