കോവിഡ് ചികിത്സക്ക് മുൻകൂർ പണം: ചോദ്യംചെയ്ത ജനപ്രതിനിധിക്ക് ശകാരം
text_fieldsതൃശൂർ: കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ച് കോവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ പണം തട്ടുന്നു. സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ചികിത്സക്ക് വമ്പൻ തുകയാണ് ഈടാക്കുന്നത്. കോവിഡ് ചികിത്സക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തുകയും രീതികളും പല സ്വകാര്യ ആശുപത്രികളും നടപ്പാക്കുന്നില്ല. ചികിത്സക്ക് മുൻകൂറായി പണം വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങളാണ് നടക്കുന്നത്.
പിതാവിെൻറ കോവിഡ് ചികിത്സക്കായി എത്തിയ പ്രവാസിയായ യുവാവിനോട് കിഴക്കേകോട്ട ഭാഗത്തുള്ള സ്വകാര്യ ആശുപത്രി അധികൃതർ അര ലക്ഷം രൂപ കെട്ടിവെക്കാനാണ് ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് വാർഡ് അംഗത്തിന് നേരെ ആശുപത്രി പി.ആർ.ഒ ശകാരവർഷം നടത്തി. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. മുളങ്കുന്നത്തുകാവ് കാരപുറത്ത് വിനോദാണ് കോവിഡ് ബാധിതനായ പിതാവ് നാരായണന് (73) ശ്വാസതടസ്സം നേരിട്ടപ്പോൾ വാർഡ് അംഗമായ സൗമ്യ സുനിലിെൻറ നിർദേശപ്രകാരം ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിച്ചത്. രണ്ടു ആശുപത്രികളിൽ കോവിഡ് ബെഡ് ഇല്ലാത്തതിനാലാണ് ഈ ആശുപത്രിയിൽ എത്തിയത്. നാരായണന് പ്രാഥമിക പരിചരണം നൽകുന്നതിന് മുമ്പ് അര ലക്ഷം രൂപ കെട്ടിവെക്കാൻ പി.ആർ.ഒ ആവശ്യപ്പെട്ടു.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ ഫോൺ നമ്പറിൽ വിളിച്ചപ്പോഴാണ് പി.ആർ.ഒ പണം ചോദിച്ചത്.
ഉടനെ വാർഡ് അംഗമായ സൗമ്യയുമായി ബന്ധപ്പെട്ടപ്പോൾ പണം നൽകേണ്ടതില്ലെന്നും പിതാവിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജനപ്രതിനിധിയായ സൗമ്യ പി.ആർ.ഒയെ വിളിച്ചപ്പോൾ അവരോട് തട്ടിക്കയറുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാരായണൻ അപകടാവസ്ഥ തരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.