പിരിവിന് എം.എൽ.എ ഓഫിസിലെത്തിയവർ തമ്മിൽ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsഅന്തിക്കാട്: കോവിഡ് രോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകാൻ പിരിവ് ചോദിച്ച് ഓട്ടോറിക്ഷയിൽ എം.എൽ.എ ഓഫിസിലെത്തി ബഹളംവെച്ചവർ പിരിച്ച പണത്തെച്ചൊല്ലി പരസ്പരം ഏറ്റുമുട്ടി. മൂന്നുപേർ അറസ്റ്റിൽ. അയ്യന്തോൾ തൃക്കുമരംകുടം സ്വദേശി വടക്കേവീട്ടിൽ പ്രദീപ് (40), പെരിഞ്ഞനം പത്രമുക്ക് കോളനി സ്വദേശി ചേന്ദമംഗലത്ത് വീട്ടിൽ റഫീക്ക് (44), ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപറമ്പിൽ പ്രവീൺ (37) എന്നിവരെയാണ് അന്തിക്കാട് എസ്.ഐ എ.കെ. ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ വികാസ്, കൃഷ്ണകുമാർ, കമൽ കൃഷ്ണ, മിഥുൻ, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തൃപ്രയാറിൽനിന്ന് പിടികൂടിയത്. തൃശൂർ സ്വദേശി ശംസുദ്ദീൻ രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചക്ക് 1.15ഓടെ പെരിങ്ങോട്ടുകര കരുവാംകുളത്തെ സി.സി. മുകുന്ദൻ എം.എൽ.എയുടെ ഓഫിസിന് മുന്നിലായിരുന്നു അടിപിടി. ഓട്ടോ ഡ്രൈവറടക്കം നാലുപേരാണ് മദ്യപിച്ച് ഓഫിസിലെത്തിയത്. കോവിഡ് രോഗികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകാൻ 10,000 രൂപ പിരിവ് നൽകണമെന്ന് ഓഫിസ് ചുമതലയുള്ള ദീപുവിനോട് ഇവർ ആവശ്യപ്പെട്ടു. എം.എൽ.എ തിരുവനന്തപുരത്താണെന്നും പണം നൽകാൻ നിർവാഹമില്ലെന്നും ദീപു അറിയിച്ചു. എന്നാൽ, 5000 രൂപ തന്നാൽ മതിയെന്നായി. അതും നൽകാൻ പറ്റില്ലെന്ന് അറിയിച്ചു. ഒടുവിൽ 1000 രൂപയെങ്കിലും തരണമെന്ന് പറഞ്ഞ് രസീത് നൽകി ഇവർ വാശിപിടിച്ച് ബഹളംവെച്ചു.
ഓഫിസിൽ അപേക്ഷ നൽകാൻ രണ്ട് വയോധികർ വന്നിരിക്കുമ്പോഴായിരുന്നു ബഹളം. പിന്നീട് നേരത്തേ ലഭിച്ച പിരിവിെൻറ കണക്കിനെച്ചൊല്ലി സംഘത്തിലെ മൂന്നുപേർ പരസ്പരം അടിപിടിയായി.ഇതോടെ ഓഫിസിൽ ഉണ്ടായിരുന്ന വയോധികർ പേടിച്ച് പുറത്തിറങ്ങി. അടിപിടി സമയത്ത് ദീപു പൊലീസിനെ അറിയിക്കുകയായിരുന്നു.ഇതോടെ ദീപുവിനെ തള്ളിമാറ്റി പൊലീസ് എത്തും മുമ്പ് സംഘത്തിലെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാഞ്ഞെത്തിയ പൊലീസ് ഡ്രൈവറെ പിടികൂടുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിന്നീട് രണ്ടു പേരെ കൂടി പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.