തീരദേശ ഹൈവേ: ദേശീയപാത വികസനത്തിൽനിന്ന് ‘രക്ഷപ്പെട്ടവരുടെ’ കെട്ടിടങ്ങളും പൊളിക്കുമെന്ന് ആശങ്ക
text_fieldsഅണ്ടത്തോട്: തീരദേശ ഹൈവേ ജില്ല അതിർത്തിയിലെത്തുമ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി കഷ്ടിച്ച് രക്ഷപ്പെട്ട സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങളും പൊളിക്കേണ്ടിവരുമെന്ന ആശങ്കയിൽ ഉടമകൾ. തീരദേശം വഴി മന്ദലാംകുന്ന്, അണ്ടത്തോട്, പെരിയമ്പലം ബീച്ചിലെത്തി വലത്തോട്ട് തിരിഞ്ഞ് കാർഗിൽ റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കും. പിന്നീട് ദേശീയപാതയിലൂടെ പൊന്നാനിയിലെത്തി നേരെ തുറമുഖം റോഡിലേക്ക് പ്രവേശിക്കും.
കാർഗിൽ റോഡിനു മുകളിലൂടെ ദേശീയ പാതയിലേക്ക് മേൽപാലമാണ് നിർമിക്കുന്നത്. കാർഗിൽ റോഡിന്റെ തെക്ക് തൃശൂർ ജില്ലയുടെ കടിക്കാട് വില്ലേജും വടക്ക് മലപ്പുറം ജില്ലയുടെ അയിരൂർ വില്ലേജുമാണ്. കഷ്ടിച്ച് ഒരു വാഹനത്തിനുമാത്രം പോകാവുന്നത്രയാണ് ഇപ്പോൾ ഈ റോഡിന്റെ വീതി.
മൊത്തം 15.6 മീറ്റർ വീതി വേണ്ട തീരദേശ ഹൈവേക്കായി കാർഗിൽ റോഡിന്റെ ഇരുഭാഗത്തുനിന്നുമായി എത്രത്തോളം അകലത്തിലാണ് സ്ഥലമെടുക്കുന്നതെന്നതിന് വ്യക്തതയില്ല. അതുകൊണ്ടുതന്നെ റോഡിന്റെ ഇരുവശത്തുള്ളവരും ആശങ്കയിലാണ്. ദേശീയ പാതയുമായി സംഗമിക്കുന്ന ഭാഗത്തുള്ളവരാണ് ഏറെ ആശങ്കയിലായത്.
ഹൈവേ സംഗമിക്കുന്ന തങ്ങൾപ്പടിയിൽ 15.6 മീറ്ററിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കുമെന്നാണ് സൂചന. ഇവിടെ ജങ്ഷനായതിനാലാണിത്. ഇവിടെ ദേശീയപാതക്കായി സ്ഥലം അളന്നെടുക്കുമ്പോൾ കഷ്ടിച്ച് രക്ഷപ്പെട്ട് ആ ഭൂമിയിൽ നിർമിച്ച കെട്ടിടം തീരദേശ ഹൈവേയുടെ വരവോടെ പൊളിക്കേണ്ട അവസ്ഥയിലാണ്.
ദേശീയപാതയുടെ അതിരുമായി ബന്ധമില്ലെന്ന സർക്കാർ ഉറപ്പിൽ ബന്ധപ്പെട്ട അധികൃതരുടെ സമ്മതത്തോടെയാണ് ഇവിടെ ഇരുനില കെട്ടിടം നിർമിച്ചത്. നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ. ഇതിന്റെ തൊട്ടുപിന്നിലെ വീടും ദേശീയ പാതയിലെ ഭൂമിയെടുപ്പിൽനിന്ന് രക്ഷപ്പെട്ടവരാണ്. പുതിയ തീരദേശ ഹൈവേ ഇവരെയും ബാധിക്കും.
കാർഗിൽ റോഡിനു തൊട്ടു തെക്കുഭാഗത്ത് അണ്ടത്തോട് തങ്ങൾപ്പടിയിൽ അര കിലോമീറ്ററിൽ രണ്ട് ബീച്ച് റോഡുകളുണ്ട്. വർഷങ്ങളായുള്ള ഈ റോഡുകൾ വീതി കൂട്ടുമ്പോൾ ബീച്ചുമായി മുട്ടാത്ത കാർഗിൽ റോഡ് വക്കിലെ പോലെ കൂടുതൽ വീടുകളെ ബാധിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡിൽനിന്ന് ആവശ്യമായ അകലത്തിലാണ് അവിടെ വീടുകൾ കൂടുതലും. എന്നാൽ, വീതികുറഞ്ഞ കാർഗിൽ റോഡിന്റെ ഇരുവശത്തും നിരവധി വീടുകളാണ് ഒഴിവാക്കേണ്ടിവരുക. ഈ മേഖലയിലുള്ള ആർക്കും ഇതുസംബന്ധിച്ച് ഒരു വിവരവും ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് വസ്തുത.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് മേഖലയിൽ താമസിക്കുന്നവരിലേറെയും. ഇവരുടെ ഭൂമി എത്രത്തോളം അളന്നെടുക്കുമെന്നറിയാൻ പോലും കഴിഞ്ഞിട്ടില്ല. ഭൂമി അളന്നെടുക്കുമ്പോഴുള്ള കല്ലുകൾ സ്ഥാപിച്ചാലേ യഥാർഥ ചിത്രം വ്യക്തമാകൂവെന്നാണ് മുസ്ലിം ലീഗ് നേതാവും പുന്നയൂർക്കുളം പഞ്ചായത്ത് അംഗവുമായ കെ.എച്ച്. ആബിദ് വ്യക്തമാക്കുന്നത്. ഭൂമിയുടെ അളവ് തിട്ടപ്പെടുത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അധികൃതർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.